തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിൽ കോൺഗ്രസിനുള്ളിൽ തന്നെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്. ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പിണറായിയെ ക്ഷണിച്ചതിനെതിരെ കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ പി.സരിനാണ് ആദ്യം രംഗത്തെത്തിയത്. പരിപാടിയിൽ പിണറായി പങ്കെടുത്താൽ അത് ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതിലുള്ള കുറ്റസമ്മതമായി കേരളം കണക്കാക്കുമെന്നായിരുന്നു സരിന്റെ പ്രതികരണം. ഇതോടെയാണ് അനുസ്മരണത്തിൽ പിണറായിയെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നതയുണ്ടെന്ന് വ്യക്തമായത്.
ഉമ്മൻ ചാണ്ടിക്കെതിരെ നിരന്തരം അപകീർത്തിപരമായ പ്രസ്താവനകൾ നടത്തിയ രാഷ്‌ട്രീയ നേതാവായിരുന്നു പിണറായി വിജയൻ. സോളാർ കേസിൽ വേട്ടയാടുക മാത്രമല്ല, രാഷ്‌ട്രീയ മര്യാദ പോലും കണക്കിലെടുക്കാതെ വളരെ നികൃഷ്ടമായ ഭാഷയിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് പിണറായി വിജയൻ ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. ഇതെല്ലാം തന്നെ മറച്ചു വെച്ചുകൊണ്ട് ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുപ്പിക്കുന്നതിലൂടെ നേതാക്കൾ തമ്മിലുള്ള അന്തർധാരയാണ് വെളിപ്പെട്ടത്. എന്നാൽ, സംഭവം വിവാദം ആക്കേണ്ട ആവശ്യമില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. മുതിർന്ന നേതാക്കൾ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിതെന്നും സതീശൻ ന്യായീകരിച്ചു.
ഉമ്മൻ ചാണ്ടിക്കെതിരെ നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തിയ പിണറായി വിജയൻ തന്നെ, ഉമ്മൻ ചാണ്ടിയ്‌ക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയപ്പോൾ പറഞ്ഞ വാക്കുകൾ കേരള രാഷ്‌ട്രീയത്തിലെ തന്നെ ഏറ്റവും വലിയ നാടകമായാണ് വിമർശിക്കപ്പെടുന്നത്. ”ഉമ്മൻ ചാണ്ടിയുടെ തൊലിക്കട്ടിയെപ്പറ്റി ഞങ്ങളൊക്കെ പണ്ട് പറഞ്ഞിട്ടുണ്ട്. പക്ഷെ, നെഞ്ചിൽ ഇത്ര വലിയ ലോഹക്കൂട് ഉണ്ട് എന്ന് ഞങ്ങളാരും ഇതേവരെ മനസ്സിലാക്കിയിരുന്നില്ല. അതിപ്പോൾ, ഉമ്മൻചാണ്ടി പറഞ്ഞപ്പോഴാണ് മനസ്സിലായത്. കല്ല് നെഞ്ചത്ത് കൊണ്ടാൽ ‘ഠിം’ എന്ന് തെറിച്ചുപോയി അടുത്ത ഗ്ലാസ് പൊട്ടിക്കത്തക്ക രീതിയിലുള്ള ലോഹക്കൂടാണ് ഉമ്മൻചാണ്ടിയുടെ നെഞ്ചിലുള്ളത്. കുറച്ച് ഉപ്പും കൂട്ടി വിഴുങ്ങാൻ പറ്റുന്ന തരത്തിലുള്ള നുണ ആളുകൾക്ക് കൊടുക്കണ്ടേ”- എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ പിണറായി വിജയൻ പറഞ്ഞത്. ഉമ്മൻ ചാണ്ടിക്കെതിരെ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞ സംഭവത്തിലായിരുന്നു പിണറായി വിജയന്റെ പരിഹാസം.
എന്നാൽ, ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ പിണറായി വിജയന്റെ വാക്കുകൾ മറ്റൊന്നായിരുന്നു. ”ഉമ്മൻചാണ്ടിയുടെ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്‌ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരള രാഷ്‌ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും. എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു ഉമ്മൻചാണ്ടി. തുടക്കം മുതലേ രാഷ്‌ട്രീയമായി ഞങ്ങൾ രണ്ട് ചേരിയിലായിരുന്നുവെങ്കിലും നല്ല സൗഹൃദം പുലർത്താൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. പൊതുവേ എല്ലാവരോടും നല്ല സൗഹൃദം പുലർത്തുന്ന സമീപനമായിരുന്നു ഉമ്മൻചാണ്ടിക്കുണ്ടായിരുന്നത്”- എന്നായിരുന്നു അന്ത്യോപചാരം അർപ്പിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
”രോഗം ഉമ്മൻചാണ്ടിയെ വേട്ടയാടുന്ന അവസ്ഥ വന്നെങ്കിലും ഒരു ഘട്ടത്തിലും ആ രോഗത്തിന് മുന്നിൽ തളരാതെ തന്നിൽ അർപ്പിതമായ ഉത്തരവാദിത്തം നിറവേറ്റുമെന്ന വാശിയോടെയായിരുന്നു അദ്ദേഹം ജീവിച്ച് വന്നത്. ഡോക്ടർ വിശ്രമിക്കണം എന്ന് പറഞ്ഞിരുന്നു. പക്ഷെ വിശ്രമം ഉമ്മന് ചാണ്ടിയുടെ കൂടപ്പിറപ്പ് അല്ലാലോ. അപ്പോഴും പാർട്ടിയെ എങ്ങനെയൊക്കെ ശക്തിപ്പെടുത്താം എന്നുള്ളതിനാണ് അദ്ദേഹം പ്രധാന്യം കൊടുത്തത്. അതികഠിനായ രോഗാവസ്ഥയിൽ പോലും കേരളത്തിലാകെ എത്തിപ്പെടുന്ന ഉമ്മൻചാണ്ടിയെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. അതായിരുന്നു ഉമ്മൻചാണ്ടി”- എന്ന് കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു കൊണ്ടും പിണറായി വിജയൻ പറഞ്ഞു.
എന്നാൽ, ഇതെല്ലാം കേൾക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് പ്രത്യേകിച്ച് അപഹാസ്യമായി ഒന്നും തോന്നുന്നില്ലെങ്കിലും സാധാരണ പ്രവർത്തകർക്ക് അങ്ങനെയല്ല. വേട്ട നടത്തിയ ശേഷം വേട്ടക്കാരൻ പൊഴിക്കുന്ന വെറും കണ്ണീർ മാത്രമായാണ് കോൺഗ്രസ് പ്രവർത്തകർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ തോന്നുക. ഒരുപക്ഷെ, നേതൃത്വത്തിന്റെ ഇടപെടൽ കൊണ്ട് അവർ തുറന്നു പറയുന്നില്ലെന്ന് മാത്രം. എന്നാൽ, കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ പി.സരിനും മാത്യു കുഴൽനാടൻ എംഎൽഎയുമടക്കം രംഗത്ത് വന്നത് കോൺഗ്രസിനുള്ളിലെ ഭിന്നതെ വെളിപ്പെടുത്തുന്നതാണ്. മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കുന്നതിൽ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന് നീരസമുണ്ടായിരുന്നുവെന്നാണ് മാത്യു കുഴൽനാടൻ പറഞ്ഞത്. എന്നാൽ, സത്യത്തിൽ കെ.സുധാകരന് എതിർപ്പ് ഉണ്ടായിരുന്നോ?. ഇനി എതിർപ്പ് ഉണ്ടായിരുന്നെങ്കിൽ തന്നെ ആർക്കായിരുന്നു പിണറായി വിജയനെ പങ്കെടുപ്പിക്കണമെന്ന് ഇത്രയധികം ആഗ്രഹം ഉണ്ടായിരുന്നത്? ഈ ചോദ്യങ്ങൾക്ക് കോൺഗ്രസ് നേതൃത്വം തന്നെ ഉത്തരം പറയേണ്ടതുണ്ട്.
















Comments