ആഗോള തലത്തിൽ പോലും ഏറെ പ്രശസ്തമാണ് അമൃത്സറിലെ സുവർണ ക്ഷേത്രം. ഇതിന് പുറമേ പ്രകൃതി ഭംഗി കൊണ്ടും കൗതുകകരമായ കാഴ്ചകളാലും സമ്പന്നമാണ് ഇവിടം. എന്നാൽ അതിലും ഭംഗിയേറിയ, തീർച്ചയായും കണ്ടിരിക്കേണ്ട കാഴ്ചയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര.
ഒരു വലിയ ആൽമരം, അതിന്റെ ചുവട്ടിലൊരു ചായക്കട. എൺപതുകളുടെ മധ്യത്തിലൂടെ സഞ്ചരിക്കുന്ന തലപ്പാവ് വെച്ച് നീണ്ട താടിയുള്ള ഒരു മനുഷ്യൻ… അദ്ദേഹം ചൂടേറും ചായയുടെ പണിപ്പുരയിലാണ്. ആനന്ദ് മഹീന്ദ്ര പങ്കുവെച്ച വീഡിയോ ആരംഭിക്കുന്നത് ഇങ്ങനെയാണ്. അജിത് സിംഗ് എന്നറിയപ്പെടുന്ന ബാബയെയാണ് പങ്കുവെച്ച വീഡിയോയിലൂടെ ആനന്ദ് മഹീന്ദ്ര പരിചയപ്പെടുത്തുന്നത്. 40 വർഷത്തിലധികമായി ചായ കച്ചവടമാണ് അദ്ദേഹത്തിന്. ‘അമൃത്സറിൽ കാണാൻ ധാരാളം കാഴ്ചകളുണ്ട്. എന്നാൽ അടുത്ത തവണ നഗരം സന്ദർശിക്കുമ്പോൾ, സുവർണ്ണ ക്ഷേത്രം സന്ദർശിക്കുന്നതിനു പുറമേ, ബാബ 40 വർഷത്തിലേറെയായി നടത്തിവരുന്ന ഈ ‘ടെമ്പിൾ ഓഫ് ടീ സർവീസ്’ സന്ദർശിക്കും. നമ്മുടെ ഹൃദയങ്ങളാണ് ഏറ്റവും വലിയ ക്ഷേത്രങ്ങൾ’- എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
There are many sights to see in Amritsar. But the next time I visit the city, apart from visiting the Golden Temple, I will make it a point to visit this ‘Temple of Tea Service’ that Baba has apparently run for over 40 years. Our hearts are potentially the largest temples.… pic.twitter.com/Td3QvpAqyl
— anand mahindra (@anandmahindra) July 23, 2023
“>
പണത്തിനായി ചായ വിൽക്കുന്നതല്ല ബാബ, മറിച്ച് ചായ കുടിക്കുന്നവരുടെ സംതൃപ്തിയാണ് തന്റെ കൂലി എന്നാണ് വൃദ്ധൻ പറയുന്നത്. സ്വന്തമായാണ് കട നടത്തുന്നത്. വാർദ്ധക്യത്തിലും ചുറുചുറുക്കോടെയാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ആൽ മരത്തിന്റെ ചുവട്ടിലാണ് സ്റ്റാൾ. അതുകൊണ്ട് തന്നെ നിരവധി തവണ ഇവിടെ നിന്നും സാധനങ്ങളും പാത്രങ്ങളും മോഷണം പോയിട്ടുണ്ടെന്ന് ബാബ പരാതിപ്പെടുന്നു. എന്നാൽ ഇതിൽ ആരോടും പരാതിപ്പെടുകയോ സഹായം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് വീഡിയോയിൽ പറയുന്നു. ക്ഷീണിതനായി തോന്നിയാൽ തന്നെ ചായ ഇട്ട് തുടങ്ങുമ്പോൾ അത് ഇല്ലാതാകുമെന്നും ഇതാണ് തന്റെ ആരോഗ്യ രഹസ്യമെന്നും ബാബ പറഞ്ഞു.
ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ട്വീറ്റ് മിനിറ്റുകൾക്കുള്ളിലാണ് വൈറലായത്. മഹീന്ദ്രയുടെ ‘ടെമ്പിൾ ഓഫ് ടീ സർവീസ്’ ഉപയോക്താക്കളും ഏറ്റെടുത്തെന്ന് ചുരുക്കം. നിസ്വാർത്ഥ സേവനത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ബാബയെന്നും ട്വിറ്ററിൽ പറയുന്നു. രാജ്യത്തെ അഭിസംബോധന ചെയ്യുന്ന മൻ കി ബാത്തിൽ ഈ ചായ വിൽപ്പനക്കാരനെ അഭിസംബോധന ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് അപേക്ഷിക്കുന്നതായി മറ്റൊരാളും കുറിച്ചു.
Comments