എറണാകുളം: സൈബർ ആക്രമണം നേരിടുന്നതായി നടൻ സുരാജ് വെഞ്ഞാറമൂട്. ഓരോ മിനിറ്റും പേഴ്‌സണൽ നമ്പറിൽ വിളിച്ച് നിരവധി പേർ വധഭീഷണി മുഴക്കുന്നുവെന്നാണ് നടന്റെ പരാതി. സൈബർ ബുള്ളിയിംഗിനെതിരെ എറണാകുളം കാക്കനാട് സൈബർ പോലീസ് സ്‌റ്റേഷനിൽ സുരാജ് പരാതി നൽകി.
ഭരണഘടനയിൽ പറയുന്ന പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം എന്ന അവകാശം ഉൾക്കൊണ്ടു കൊണ്ട് രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളിൽ ഇരയാക്കപ്പെടുന്നവരെ പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരിക്കാറുണ്ടെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. അവിടെ രാഷ്‌ട്രീയമോ, മതപരമായ കാര്യങ്ങളോ സംസാരിക്കാറില്ലെന്നും കല എന്നത് മാത്രമാണ് തന്റെ രാഷ്‌ട്രീയം എന്നായിരുന്നു സുരാജിന്റെ വാദം. എന്നാൽ മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ച താരം, ആലുവയിലെ പെൺകുട്ടിയുടെ കൊലയിൽ പ്രതികരിക്കാൻ വൈകിയത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഉത്തരേന്ത്യയിൽ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളിലടക്കം പ്രതികരിക്കുന്ന താരം കേരള മനഃസാക്ഷിയെ ഞെട്ടിച്ച പല പ്രശ്‌നങ്ങളിലും മൗനം തുടരുന്നത് ജനങ്ങൾക്കിടയിൽ രോഷം സൃഷ്ടിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചുവെന്ന് പരാതിയുമായി താരം രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ആയിരത്തിലേറെ കോളുകളാണ് തന്നെ തേടിയെത്തിയത്. കോളുകളുടെ എണ്ണം വർദ്ധിച്ചതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തുവെന്നും .സൈബർ ആക്രമണത്തെ തുടർന്ന് ഫോൺ ഓൺ ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും സുരാജ് പറയുന്നു.
Comments