മനുഷ്യ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന അവയവങ്ങളിൽ ഒന്നാണ് ശ്വാസകോശം. അതുകൊണ്ട് തന്നെ ശ്വാസകോശത്തിന് യാതൊരു കേടുപാടുകളും വരാതെ സൂക്ഷിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ശ്വാസകോശത്തിന് ബാധിക്കുന്ന നിസാര പ്രശ്‌നങ്ങൾ പോലും വലിയ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും ഒരുപാട് കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്.
ജീവിതശൈലിയും ഭക്ഷണക്രമവും ശ്വാസകോശത്തിന്റെ ആരോഗ്യത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന ഘടകങ്ങളാണ്. ശ്വാസകോശത്തിന്റെ ആരോഗ്യം ശ്രദ്ധിക്കാതിരുന്നാൽ ഭാവിയിൽ ശ്വാസകോശാർബുദത്തിന് വരെ കാരണമായി തീരും. നല്ലരീതിയിൽ ഒരാൾക്ക് ശ്വസിക്കാൻ സാധിച്ചില്ലെങ്കിൽ അത് പല ബുദ്ധിമുട്ടുകളിലേയ്‌ക്കാണ് നയിക്കുക. അതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവ…
1) വ്യായാമം
വണ്ണം കുറയ്‌ക്കുന്നതിനാണ് കൂടുതൽ പേരും വ്യായാമം ചെയ്യുന്നത്. എന്നാൽ ശരീരത്തിലെ അവയവങ്ങളുടെ കൃത്യമായ പ്രവർത്തനത്തിനും വ്യായാമം അനുയോജ്യമാണ്. ശരീരത്തിലെ അനാവശ്യമായിട്ടുള്ള കൊഴുപ്പ് ,മാലിന്യങ്ങൾ എന്നിവയെല്ലാം നീക്കം ചെയ്യുന്നതിനും വ്യായാമം നല്ലതാണ്. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിർത്താൻ വളരെയധികം സഹായിക്കുന്നു.
2) പുകവലി
ശ്വാസകോശത്തിന് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തെയും നശിപ്പിക്കുന്ന ശീലമാണ് പുകവലി. പുകവലി കാരണമുള്ള ദോഷങ്ങൾ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കുന്നതാണ്. പുകവലിക്കുന്നതിനേക്കാൾ അപകടം പിടിച്ചതാണ് ആ പുക ശ്വസിക്കുന്നത്. പുകവലിക്കുന്ന ശീലമുള്ളവർ അത് എത്രയും പെട്ടെന്ന് നിർത്തുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
3) ആവിപിടിക്കുക
ഇടയ്‌ക്ക് ആവിപിടിക്കുന്നത് തികച്ചും ശ്വാസകോശം ക്ലീനാക്കി എടുക്കാൻ സഹായിക്കുന്നു. പനി വരുമ്പോൾ കഫക്കെട്ട് കുറയ്‌ക്കാൻ ആവി പിടിക്കുന്നത് ഗുണം ചെയ്യും. അതുപോലെ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ആവി പിടിക്കുന്നതിലൂടെ ശ്വാസകോശം വൃത്തിയാക്കാൻ സാധിക്കും. വെള്ളം മാത്രം ഉപയോഗിച്ച് ആവി പിടിക്കുന്നതായിരിക്കും എപ്പോഴും നല്ലത്. എന്നാൽ ദീർഘനേരം ആവി പിടിക്കുന്നതും ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാറുണ്ട്.
4) വെള്ളം കുടിക്കുക
ശരീരം മൊത്തത്തിൽ വൃത്തിയാക്കി എടുക്കുന്നതിന് വെള്ളം കൃത്യമായി കുടിക്കുന്നത് വളരെയധികം സഹായകമാണ്. വെള്ളം കൃത്യമായ അളവിൽ കുടിച്ചാൽ ഇത് ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശ്വാസകോശം വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദിവസേന മൂന്ന് ലിറ്റർ വെള്ളം കൃത്യമായ അളവിൽ കുടിക്കണം.
5)മലിനീകരണം
അന്തരീക്ഷ മലിനീകരണം ഉള്ള സ്ഥലങ്ങളിൽ പോകാതിരിക്കുക. എല്ലാ ദിവസവും വീട്ടിൽ നിന്നും പൊടി നീക്കം ചെയ്യുന്നത് നല്ലതാണ്. എയർ പ്യൂരിഫയർ ഉപയോഗിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഇടയ്‌ക്ക് നല്ല ഹെർബൽ ടീ കുടിക്കുന്നത് ശ്വാസകോശ ശുദ്ധീകരണത്തിന് ഉപയോഗപ്രദമാണ്. അതുപോലെ പഴം, പച്ചക്കറികൾ എന്നിവ കഴിക്കുന്നതും ശ്വാസകോശത്തിന്റെ ആരോഗ്യം സുഗമമാക്കാൻ സഹായിക്കും.
Comments