ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗണപതി ശിൽപം ഇടുക്കിയിലെ വണ്ടൻമേട് ശ്രീ മഹാഗണപതി ക്ഷേത്രത്തിലാണ്. തേക്കടി-മൂന്നാർ റോഡിൽ ആമയാറിന് സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 38 അടിയാണ് ശിൽപത്തിന്റെ ഉയരം. സിമന്റും കമ്പിയും ഉപയോഗിച്ചാണ് ഇതിന്റെ നിർമാണം. പ്രശസ്ത ശിൽപിയായ ചേർത്തല എരമല്ലൂർ ശിവാനന്ദനാണ് വിഗ്രഹത്തിന്റെ ശിൽപി.
ഗണപതി മൂലപ്രതിഷ്ഠയായിട്ടുള്ള ഇടുക്കി ജില്ലയിലെ ഏക ക്ഷേത്രമാണിത്. ഏലയ്‌ക്ക കൊണ്ട് ഭഗവാന് പറ സമർപ്പിക്കുന്ന ഭാരതത്തിലെ ആദ്യ ക്ഷേത്രമാണ് ഇത്. ഗണപതി പ്രധാന പ്രതിഷ്ഠ ആയതിനാൽ വിനായക ചതുർത്ഥിയ്‌ക്ക് പ്രത്യേക പൂജകളും മറ്റും നടക്കുന്നു. ആറാട്ടിനോട് അനുബന്ധിച്ച് ഏലക്ക വ്യാപാരികൾ ഏലം കൊണ്ടുള്ള പറയും ഭക്തർ നാണയം കൊണ്ടുള്ള പറയും സമർപ്പിക്കുന്നു.
ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇവിടം പണ്ട് വനമായിരുന്നു. ഊരുമൂപ്പൻ കാട്ടിൽ നിന്ന് കിട്ടിയ ഒരു വിഗ്രഹം വലിയ മൂപ്പനെ ഏൽപ്പിച്ചു.രാത്രിയായപ്പോൾ ആക്രമിക്കാനെത്തിയ ആനക്കൂട്ടത്തെ ഓടിക്കാൻ വിഗ്രഹം അവർക്ക് സഹായകമായി.ദേവസാന്നിദ്ധ്യം വെളിവായപ്പോൾ ആരാധനതുടങ്ങി അങ്ങനെ ക്ഷേത്രവുമുണ്ടായി എന്നാണ് വിശ്വാസം.
സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ മുന്നിൽ ധ്വജമുണ്ട്.ഒരേ നടശ്ശാലയിൽ മുഖമണ്ടപവും, വലിയ ബലിക്കലും, കൊടിമരവുമുള്ള കേരളത്തിലെ മൂന്നു ക്ഷേത്രങ്ങളിൽ ഒന്നാണ്.
ശ്രീകോവിലിൽ പ്രധാനദേവൻ മഹാഗണപതി.ശ്രീകോവിലിന്റെ വലതു ഭാഗത്ത് ശാസ്താവും ഇടതുവശത്ത് വനദുർഗ്ഗയും സ്ഥിതി ചെയ്യുന്നു. മഹാഗണപതിഹോമമാണ് പ്രധാന വഴിപാട്.ആറു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം കുംഭമാസത്തിലെ ഭരണിയ്‌ക്ക് കൊടിയേറി മകയിരം നാളിൽ ആറാട്ടോടെ അവസാനിക്കുന്നു. കട്ടപ്പന – കുമളി റൂട്ടിൽ വണ്ടൻമേട് ജംഗ്ഷൻ,അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാൽ ക്ഷേത്രത്തിലെത്താവുന്നതാണ്.
Comments