തിരുവനന്തപുരം: എംവി ഗോവിന്ദനും, ഷംസീറും നടത്തിയ വാർത്ത സമ്മേളനം ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് ബിജെപി ദേശീയ നിർവാഹ സമിതിയംഗം പികെ കൃഷ്ണദാസ്. ഹിന്ദു മത വിശ്വാസങ്ങളെ തകർക്കാൻ ആണ് സിപിഎമ്മിന്റെ ശ്രമമെന്നും ശബരിമല വിഷയത്തിലെതിനെക്കാൾ വലിയ തിരച്ചടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈന്ദവ സമൂഹത്തെ ശാസ്ത്രം പഠിപ്പിക്കാൻ ഷംസീറും, ഗോവിന്ദനും,സിപിഎമ്മും വളർന്നിട്ടില്ല. മിത്ത് എന്നാൽ ഇല്ലാത്തത് എന്ന് അർത്ഥം. അതായത്, ഹിന്ദുക്കൾ ആരാധിക്കുന്ന ദൈവീകസങ്കൽപ്പങ്ങളെല്ലാം ഇല്ലാത്തത് ആണെന്നാണ് ഷംസീർ പറഞ്ഞുവെയ്‌ക്കുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളെല്ലാം അടച്ചുപൂട്ടണമെന്ന ധ്വനിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മാർക്‌സിസ്റ്റ് പാർട്ടിയുടെ ഹിഡൻ അജണ്ടയാണ് ഷംസീറിന്റെ പ്രസ്താവനയിലൂടെ പുറത്തു വന്നത്. മാർക്‌സിസ്റ്റ് പാർട്ടി നിലപാട് തിരുത്തുന്നില്ലെങ്കിൽ ഇവിടുത്തെ ജനങ്ങൾ അവരെ കൊണ്ട് തിരുത്തിക്കും.ശാസ്ത്ര വിരുദ്ധ നിലപാട് കാട്ടിയത് സിപിഎം ആണ്–അദ്ദേഹം വ്യക്തമാക്കി.
ഷംസീറിന്റെ പ്രസംഗത്തിൽ ഇതുവരെ കോൺഗ്രസ് നേതൃത്വം മൗനം പാലിച്ചത് ആരെയോ ഭയപ്പെട്ടിട്ടാണെന്നും പികെ കൃഷ്ണദാസ് ആരോപിച്ചു. ഷംസീറിനെതിരെ രംഗത്ത് വന്നിരിക്കുന്ന ഹൈന്ദവ സംഘടനകൾക്കൊപ്പം ബിജെപി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ആൾ പറയേണ്ട കാര്യമല്ല ഷംസീർ പറഞ്ഞതെന്നും മറ്റ് മതസംഘടനകൾ കൂടി ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments