ബഹിരാകാശ യാത്രികർക്ക് ആർക്കെങ്കിലും മരണം സംഭവിക്കുകയാണെങ്കിൽ മൃതദേഹം എന്ത് ചെയ്യണമെന്ന നിർദ്ദേശം പങ്കുവെച്ച് നാസ. അമേരിക്കയുടെ ചാന്ദ്ര, ചൊവ്വാ പര്യവക്ഷേണങ്ങൾക്ക് തയ്യാറെടുക്കവെയാണ് നാസ ഔദ്യോഗികമായി പ്രോട്ടോക്കോൾ പുറത്തിറക്കിയിരിക്കുന്നത്. ബഹിരാകാശ ദൗത്യങ്ങൾക്കായി തിരഞ്ഞെടുക്കപ്പെടുന്ന ബഹിരാകാശ പര്യവേഷകർ കഴിയുന്നത്രയും ആരോഗ്യമുള്ളവരാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ തുടർനടപടികളിലേക്ക് കടക്കുവെന്ന് നാസ വ്യക്തമാക്കി. അതുപോലെ തന്നെ ദൗത്യത്തിനിടയിൽ വെച്ച് ആർക്കെങ്കിലും മരണം സംഭവിക്കുകയാണെങ്കിൽ ബഹിരാകാശത്താണെങ്കിൽ ശരീരം എന്ത് ചെയ്യണമെന്നത് സംബന്ധിച്ചും നിർദ്ദേശം പുറത്തിറക്കി.
അന്തർദേശീയ ബഹിരാകാശ നിലയത്തിലേത് പോലെയുള്ള ലോ-എർത്ത്-ഓർബിറ്റ് ദൗത്യത്തിനിടെ ആർക്കെങ്കിലും മരണം സംഭവിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ ക്രൂവിന് മൃതദേഹം ഒരു ക്യാപ്സ്യൂളിൽ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമെന്ന് നാസ പുറത്തുവിട്ട റിപ്പോർട്ടിൽ പരാമർശിക്കുന്നു. ചന്ദ്രനിൽ വെച്ചാണ് ബഹിരാകാശ യാത്രികർക്ക് മരണം സംഭവിക്കുന്നതെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ മൃതദേഹവുമായി ബഹിരാകാശ യാത്രികർക്ക് നാട്ടിലേക്ക് മടങ്ങാനാകുമെന്നും പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
ഇത്തരം സാഹചര്യങ്ങളെ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുന്നതിനായി നാസക്ക് വിശദമായ പ്രോട്ടോക്കോളുകളാണ് നിലവിലുള്ളത്. വളരെ പെട്ടെന്ന് തന്നെ ഭൂമിയിലേക്ക് മടങ്ങാൻ സാധിക്കുന്നതിനാൽ മൃതദേഹത്തിന്റെ സംരക്ഷണം സംബന്ധിച്ച വിഷയത്തിൽ ആശങ്ക ഉണ്ടാകില്ല. എന്നാൽ ശേഷിക്കുന്ന യാത്രികരെ സുരക്ഷിതമായി ഭൂമിയിലേക്ക് എത്തിക്കുക എന്നതായിരിക്കും ആദ്യ മുൻഗണനയെന്നും നാസ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
ചൊവ്വയിലേക്കുള്ള 300 ദശലക്ഷം മൈൽ യാത്രയ്‌ക്കിടെയാണ് മരണം സംഭവിക്കുന്നത് എങ്കിൽ കാര്യങ്ങൾ മുമ്പ് പറഞ്ഞതിൽ നിന്നും കുറച്ച് കൂടി വ്യത്യസ്തമായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ക്രൂവിന് മടങ്ങാൻ കഴിയില്ല. ദൗത്യത്തിന്റെ അവസാനം മാത്രമാകും മൃതശരീരം ക്രൂവിനൊപ്പം ഭൂമിയിലേക്ക് എത്തുക. ജീവനക്കാർ മൃതദേഹം ഒരു പ്രത്യേക അറയിലോ പ്രത്യേക ബോഡി ബാഗിലോ സൂക്ഷിക്കുന്നതായിരിക്കും. ബഹിരാകാശ വാഹനത്തിനുള്ളിലെ സ്ഥിരമായ താപനിലയും ഈർപ്പവും മൃതദേഹം സംരക്ഷിക്കാൻ സഹായകമായിരിക്കുമെന്നും നാസ പുറത്ത് വിട്ട റിപ്പോർട്ടിൽ പരാമർശിക്കുന്നു.















