അടുത്തകാലത്തായി തെലുങ്ക് സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ റീമേക്ക് ചിത്രങ്ങൾ ചെയ്യുന്ന താരം ചിരഞ്ജീവിയാണ്.മോഹൻലാൽ നായകനായ ഹിറ്റ് ചിത്രം ലൂസിഫര്‍ ആയിരുന്നു ഒടുവിൽ നടന്റേതായി പുറത്തുവന്നത്. ഇനി വരാനിരിക്കുന്നത് അജിത്ത് നായകനായ വേതാളം റീമേക്ക് ഭോലാ ശങ്കര്‍ ആണ്. ഓഗസ്റ്റ് 11 ന് ചിത്രം പ്രദർശനത്തിനെത്തും.
അടുത്തതായി ചിരഞ്ജീവി തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു എന്ന തരത്തിൽ വാർത്തകളിൽ നിറഞ്ഞ ചിത്രമായിരുന്നു ബ്രോ ഡാഡി. ചിത്രത്തിന്റെ റീമേക്കിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമായിരിക്കും ചിരഞ്ജീവി അവതരിപ്പിക്കുക. തെലുങ്ക് സിനിമാ ലോകത്ത് ചിത്രത്തെപ്പറ്റിയുള്ള പല വാർത്തകളും പുറത്തു വരുന്നുണ്ട് ചിരഞ്ജീവിയുടെ മകള്‍ സുഷ്മിത കോനിഡേലയാണ് ബ്രോ ഡാഡിയുടെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. കല്യാണ്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികൾ നടന്നു വരികയാണ്.
മോഹന്‍ലാലിന്റെ റോളില്‍ ചിരഞ്ജീവി എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തില്‍ ഷര്‍വാനന്ദും മീന അവതരിപ്പിച്ച കഥാപാത്രമായി തൃഷയും കല്യാണി പ്രിയദര്ശന് എത്തിയ റോളില്‍ ശ്രീലീലയും എത്തുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ അവസാനമായി ചിത്രത്തെ കുറിച്ച് പുറത്തുവന്ന വാർത്തകൾ പ്രകാരം മലയാളത്തിലെ ബ്രോ ഡാഡിയിൽ നിന്നും ഒരു വ്യത്യാസം ചിത്രത്തിനുണ്ട്.
തെലുങ്ക് ബ്രോ ഡാഡിയിൽ ചിരഞ്ജീവി ഡാഡിയായി ആയിരിക്കില്ല എത്തുക. പകരം ബ്രദർ ആയിട്ടാകും എത്തുക. ചിത്രത്തിൽ ചിരഞ്ജീവിയും ഷർവാന്ദും സഹോദരങ്ങളായിരിക്കും. ചിരഞ്ജീവി തന്നെയാണ് ഈ മാറ്റം നിര്‍ദേശിച്ചതെന്നും തെലുങ്ക് സിനിമ മാദ്ധ്യമങ്ങൾ പറയുന്നു.
Comments