ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള മുന്നോരുക്കത്തിന്റെ ഭാഗമായി ബിഹാറിൽ നിന്നുള്ള എൻഡിഎ എംപിമാരുമായും മറ്റ് അഞ്ച് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും എംപിമാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്ക് വേണ്ടിയും പ്രവർത്തിക്കാനും ജാതി രാഷ്ട്രീയത്തിന് അതീതമായി ഉയരാനും എംപിമാരുമായുളള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞു.
ബിഹാറിലെ എൻഡിഎയുടെ 27 എംപിമാരുമായാണ് പ്രധാനമന്ത്രി ക്ലസ്റ്റർ-ഫൈവ് കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിത്യാനന്ദ റായ്, ആർകെ സിംഗ്, ഭൂപേന്ദ്ര യാദവ്, ബിജെപി നേതാവ് സുശീൽ മോദി, ലോക് ജനശക്തി പാർട്ടി (രാം വിലാസ്) അദ്ധ്യക്ഷൻ ചിരാഗ് പാസ്വാൻ, വിനോദ് താവ്രെ, ഭൂപേന്ദ്ര യാദവ് എന്നിവരും എംപിമാരുടെ യോഗത്തിൽ പങ്കെടുത്തു.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എൻഡിഎ എംപിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും എംപിമാരോട് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ കേന്ദ്ര സർക്കാർ പദ്ധതികൾ ഉയർത്തിക്കാട്ടാൻ പറഞ്ഞ മോദി, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് സജ്ജരാകാനും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രാദേശിക നേതൃത്വങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എംപിമാരോട് ആവശ്യപ്പെട്ടു.
‘പൊതുജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ ഒട്ടനവധി പരിപാടികൾ നടത്തി. ഞങ്ങളുടെ ലക്ഷ്യം പൊതുജനങ്ങളുടെ ക്ഷേമം മാത്രമാണ്’ പ്രധാനമന്ത്രി മോദി പറഞ്ഞു. ‘വലിയ ലക്ഷ്യത്തിനായി രാഷ്‌ട്രീയത്തിൽ പലതവണ ത്യാഗങ്ങൾ സഹിക്കേണ്ടിവന്നിട്ടുണ്ട്. ബിജെപി എപ്പോഴും ത്യാഗങ്ങൾ സഹിക്കാൻ തയ്യാറാണ്, കൂടാതെ നിരവധി അവസരങ്ങളിൽ പലതും ത്യജിച്ചിട്ടുമുണ്ട്’ പ്രധാനമന്ത്രി പ്രതികരിച്ചു.
ബിഹാറിൽ കൂടുതൽ മതിയായ സീറ്റുകൾ ഉറപ്പുവരുത്തിയതിന് ശേഷമാണ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാൻ ബിജെപി തീരുമാനിച്ചത്. മഹാരാഷ്‌ട്രയിലും കൂടുതൽ സീറ്റുകൾ ലഭിച്ചു. അതിൽ പ്രധാനപങ്ക് വഹിച്ചത് സംസ്ഥാനത്തെ സഖ്യകക്ഷികളാണ്. പഞ്ചാബിലും പ്രാദേശിക പാർട്ടികളെ ശക്തിപ്പെടുത്താൻ തിരഞ്ഞെടുപ്പിലൂടെ എൻഡിഎയ്‌ക്ക് സാധിച്ചെന്നും ബിജെപി നേതാക്കൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ക്ലസ്റ്റർ അഞ്ച് യോഗത്തിന് ശേഷം ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ലഡാക്ക്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള 36 എൻഡിഎ എംപിമാരുടെ ഗ്രൂപ്പുകളുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ക്ലസ്റ്റർ -6 യോഗം നടത്തി. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, അനുരാഗ് ഠാക്കൂർ, അജയ് ഭട്ട് എന്നിവർ രാജ്യതലസ്ഥാനത്ത് നടന്ന ക്ലസ്റ്റർ-6 യോഗത്തിൽ പങ്കെടുത്തു. എംപിമാരുമായുളള കൂടിക്കാഴ്ചയിൽ ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ക്ഷേമപദ്ധതികൾ സർക്കാർ സംവിധാനങ്ങളുടെ സഹായമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments