അഭിപ്രായങ്ങളും തീരുമാനങ്ങളും ഇടയ്‌ക്കിടെ മാറ്റുന്ന ഒരാളെ ഓന്തിനോട് ഉപമിക്കാറുണ്ട്. ഇത്തരത്തിൽ പലഘട്ടത്തിലും നമ്മൾ ഓന്തിനെ ഓർമ്മിക്കാറുണ്ടല്ലേ? ഉരഗവർഗത്തിലെ പല്ലികുടുംബത്തിൽപ്പെടുന്ന ജീവി വർഗമാണ് ഓന്ത്. മുന്നിലേക്കും പിന്നിലേക്കും തിരിഞ്ഞിരിക്കുന്ന വിരലുകളാണ് ഓന്തിനുള്ളത്. ഒരുമിച്ചല്ലാതെ പ്രത്യേകമായി ചലിപ്പിക്കാൻ കഴിയുന്നതും കാഴ്ചയിലുള്ള വസ്തുക്കളുടെ അകലം പാലിക്കാൻ കഴിയുന്നതുമായ കണ്ണുകൾ, നീളമേറിയ നാവ്, ചുറ്റിപ്പിടിക്കാൻ സാധിക്കുന്ന വാൽ എന്നിവയാണ് ഇവയുടെ സവിശേഷത. പിന്നെ നിറം മാറാനുള്ള കഴിവിനെ കുറിച്ച് വിശേഷിച്ച് പറയേണ്ടതില്ലല്ലോ…
സാധാരണയായി പകൽ സഞ്ചാരികളാണ് ഓന്തുകൾ. മരം കയറുന്നതിനും കാഴ്ചയെ ആശ്രയിച്ച് ഇരപിടിക്കുന്നതിനും പരിണാമത്തിലൂടെ കഴിവ് നേടിയ ജീവി വർഗമാണ് ഓന്തുകൾ. ശിരസിൽ കൊമ്പുകളോ വരമ്പുകളോ പോലുള്ള ഭാഗങ്ങളുണ്ടാകും. സാധാരണഗതിയിൽ ആടിയാടിയാണ് നടത്തം. ഇവയുടെ നിറം മാറാനുള്ള കഴിവ് മനുഷ്യർക്ക് ഇന്നും കൗതുകമാണ്. ഉയരാനുള്ള മരങ്ങളിൽ തവിട്ടുനിറത്തിലുള്ള ശാഖകൾക്കും പച്ച ഇലകൾക്കുമിടയിലാണ് ഓന്തുകൾ അധികസമയവും ചെലവഴിക്കുന്നത്. ആശയവിനിമയത്തിനും താപനില നിയന്ത്രിക്കുന്നതിനുമാണ് പൊതുവേ ഓന്ത് നിറം മാറുന്നത്. ഹോർമോണുകൾ, താപനില, നാഡീവ്യൂഹം തുടങ്ങിയവയുടെ സങ്കീർണമായ പ്രതിപ്രവർത്തനമാണ് ഇവയുടെ പ്രത്യേകസമയത്തെ നിറം നിയന്ത്രിക്കുന്നത്. സ്വന്തമായി ശരീരതാപം സൃഷ്ടിക്കാൻ കഴിയാത്ത ജീവിയാണ് ഓന്ത്. ചർമ്മത്തിന്റെ നിറം മാറ്റുന്നത് അനുകൂലമായ ശരീരതാപനില നൽകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. തണുത്ത അന്തരീക്ഷത്തിൽ ചൂട് ലഭിക്കുന്നതിനായി ചിലപ്പോൾ ഓന്ത് ഇരുണ്ട നിറത്തിലേക്ക് മാറിയെന്നുവരാം. ഇണയെ ആകർഷിക്കാനും ഇരപിടിക്കാനും ഈ നിറം മാറ്റം സഹായിക്കും. പുലർച്ചെ ശരീരതാപനില പെട്ടെന്ന വർദ്ധിപ്പിക്കാനായി ഇത് കറുത്ത നിറം സ്വീകരിക്കും. സൂര്യതാപം അധികമാകുന്നതിനൊപ്പം ഇളം ചാരനിറത്തിലേയ്‌ക്ക് ഓന്ത് മാറുന്നു.
ക്രോമോഫോറുകൾ എന്നയിനം പ്രത്യേക കോശങ്ങൾ ഓന്തുകളുടെ ത്വക്കിലുണ്ട്. ഈ കോശങ്ങളിൽ വ്യത്യസ്ത തരംഗദൈർഘ്യമുള്ള പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന പിഗ്മെന്റുകളും നാനോക്രിസ്റ്റലുകളുമുണ്ട്. ഇവയ്‌ക്ക് ചർമ്മത്തെ വികസിപ്പിക്കുന്നതിനും സങ്കോചിപ്പിക്കുന്നതിനും സാധിക്കും. തൊലിയുടെ പുറം പാളിയേക്കാൾ സുതാര്യമാണ് അതിനുകീഴിലുള്ള മൂന്ന് പാളികൾ. പുറം പാളിയിൽ മഞ്ഞയും ചുവപ്പും പിഗ്മെന്റുകളുള്ള കോശങ്ങളാണുള്ളത്.
മദ്ധ്യത്തിലെ പാളിയിൽ നീലനിറമോ വെള്ളനിറമോ ആയി തോന്നിക്കുന്ന പിഗ്മെന്റുള്ള കോശങ്ങളാണുള്ളത്. ഏറ്റവും ഉള്ളിലുള്ള പാളിയിൽ കറുത്ത പിഗ്മെന്റാണുള്ളത്. ഈ പാളിയിലെ കോശങ്ങൾ എന്തുമാത്രം പ്രകാശം പ്രതിഫലിപ്പിക്കപ്പെടുന്നു എന്നതിനെ നിയന്ത്രിക്കുന്നു. പിഗ്മെന്റ് തരികളുടെ വിതരണമാണ് ഓരോ നിറത്തിന്റെയും അളവ് നിയന്ത്രിക്കുന്നത്. പിഗ്മെന്റ് തുല്യമായി വിതരണം ചെയ്തിരിക്കുന്ന സമയത്ത് കോശം ഏറ്റവും കടുത്ത നിറത്തിൽ കാണപ്പെടും. പിഗ്മെന്റ് കോശത്തിന്റെ മദ്ധ്യത്തായിരിക്കുമ്പോൾ കോശം സുതാര്യമായിരിക്കും. മസ്തിഷ്‌കത്തിൽ നിന്നുള്ള സന്ദേശത്തിനനുസരിച്ചാണ് ക്രോമോഫോറുകൾ നിറം മാറുന്നത്. ഓന്തിന്റെ പച്ചനിറത്തിന് കാരണം സാന്തോഫോറിൽ നിന്ന് പ്രതിഫലിക്കുന്ന മഞ്ഞനിറവും ഇനറിഡോഫോറിൽ നിന്ന് പ്രതിഫലിക്കുന്ന നീലനിറവും ചേരുന്നതാണ്. ഒളിഞ്ഞിരിക്കുന്ന സന്ദർഭങ്ങളിൽ ഓന്തുകൾ ഇരുണ്ട തവിട്ടുനിറത്തിലേക്ക് മാറുന്നു.
Comments