ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. കുൽഗാമിലെ ഹലാൻ വനമേഖലയിൽ പുലർച്ചെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. വനമേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സൈന്യം തിരച്ചിൽ നടത്തുന്നതിനിടെയാണ് സംഭവം.
ഭീകരരുമായുളള ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹലാനിലെ ഉയർന്ന പ്രദേശങ്ങളിലാണ് ഭീകരരുടെ സാന്നിധ്യമുള്ളത്. ഇവിടേയ്ക്ക് കൂടുതൽ സൈനികർ എത്തിയിട്ടുണ്ടെന്നും ഭീകരർക്കായുളള തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
അതേസമയം, ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബയുടെ(എൽഇടി) ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ടുമായി (ടിആർഎഫ്) ബന്ധമുള്ള മൂന്ന് ഭീകരരെ ജമ്മുകശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനഗറിലെ നാതിപോറ മേഖലയിൽ നിന്ന് വെള്ളിയാഴ്ചയാണ് ഭീകരരെ പിടികൂടിയത്. നേരത്തെ, പൂഞ്ചിലെ സിന്ധാര മേഖലയിൽ ജൂലൈ 18-ന് സുരക്ഷ സേനകൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 4 ഭീകരരെയും വധിച്ചിരുന്നു. ഇവരിൽ നിന്ന് 4 എകെ 47 തോക്കുകളടക്കമുള്ള ആയുധശേഖരണമാണ് പിടിച്ചെടുത്തത്.
Comments