രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ ആദ്യ ഭ്രമണപഥം താഴ്ത്തൽ ഇന്ന്. ഇന്ന് രാത്രി 11 മണിക്ക് ആദ്യ ഘട്ട ഭ്രമണപഥം താഴ്‌ത്തൽ നടക്കും. ഇത്തരത്തിൽ അഞ്ച് പ്രാവശ്യം ഘട്ടം ഘട്ടമായി ഭ്രമണപഥം താഴ്‌ത്തിയതിന് ശേഷമാകും പേടകത്തിൽ നിന്നും പ്രൊപ്പൽഷൻ മൊഡ്യൂൾ വേർപെടുത്തുക. ഓഗസ്റ്റ് 17-ന് പ്രൊപ്പൽഷൻ മൊഡ്യൂൾ പേടകത്തിൽ നിന്നും വേർപെടുത്തും. ഓഗസ്റ്റ് 23-നാണ് സോഫ്റ്റ് ലാൻഡിംഗിന് ലക്ഷ്യം വെച്ചിരിക്കുന്നത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടന്നത്. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എൻജിൻ 29 മിനിറ്റ് ജ്വലിപ്പിച്ചായിരുന്നു ചാന്ദ്ര ഭ്രമണത്തിലേക്ക് പേടകത്തിന്റെ പ്രവേശനം സാദ്ധ്യമാക്കിയത്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും പേടകം ഇതിനോടകം പിന്നിട്ടു കഴിഞ്ഞു. ജൂലൈ 14-ന് വിജയകരമായി വിക്ഷേപിച്ച ചന്ദ്രയാൻ-3 വിക്ഷേപണം കഴിഞ്ഞ് 22-ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നത്.
അഞ്ച് ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്ഫർ ട്രാജക്ടറി എന്ന പഥത്തിലൂടെ സഞ്ചരിച്ചതിന് ശേഷമാണ് പേടകം ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. 17 ദിവസം ഭൂമിയെ വലം വെച്ചതിന് ശേഷം ഓഗസ്റ്റ് ഒന്നിനായിരുന്നു ചന്ദ്രയാൻ-3 ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും ചാന്ദ്രഭ്രമണ പഥത്തിലേക്കുള്ള പ്രയാണം ആരംഭിച്ചത്. അഞ്ച് തവണ വിജയകരമായി ഭ്രമണപഥം ഉയർത്തി ഘട്ടം ഘട്ടമായാണ് ഭൂഗുരുത്വ വലയത്തിൽ നിന്ന് പേടകം പുറത്ത് കടന്നത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് ഗ്രൗണ്ട് സ്റ്റേഷനാണ് ചന്ദ്രയാൻ-3യുടെ നിയന്ത്രണം.















