ഇലക്ട്രിക് കാർ വിപണി കീഴടക്കാൻ പുത്തൻ മോഡലുമായി വോൾവോ. വോൾവോ സി40 സെപ്റ്റംബർ നാലിന് വിപണിയിലെത്തുമെന്ന് കമ്പനി വ്യക്തമാക്കി. എക്സി 40 റീചാർജ് എന്ന വാഹനത്തിന് പിന്നാലെ വോൾവോ പുറത്തിറക്കുന്ന രണ്ടാമത്തെ വാഹനമാണ് ഇത്. ഒറ്റ ടോപ്പ്-സ്പൈക്ക് വേരിയന്റിൽ മാത്രമാണ് വോൾവോ സി40 ഇന്ത്യയിലെത്തുന്നത്.
ആറ് കളർ വേരിയന്റുകളിൽ വാഹനം ലഭ്യമാകും. ക്രിസ്റ്റൽ വൈറ്റ്, ഓനിക്സ് ബ്ലാക്ക്, ഫ്യൂഷൻ റെഡ്, ക്ലൗഡ് ബ്ലൂ, സേജ് ഗ്രീൻ, ഫ്യോർഡ് ബ്ലൂ എന്നിവയാണ് ഈ വാഹനത്തിന്റെ കളർ ഓപ്ഷനുകൾ. വാഹനത്തിന്റെ ക്യാബിനിൽ ബ്ലാക്ക് തീം ആണ് നൽകിയിരിക്കുന്നത്. ഡാഷ്‌ബോർഡിൽ ഒൻപത് ഇഞ്ച് വെർട്ടിക്കൽ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും നൽകിയിരിക്കുന്നു. എൽഇഡി ഹെഡ്‌ലാമ്പുകളും കമ്പനി നൽകിയിട്ടുണ്ട്.
വോൾവോ സി40-ൽ 78 kWh ബാറ്ററി പായ്‌ക്കാണ് കമ്പനി നൽകിയിരിക്കുന്നത്. ഡ്യുവൽ-ഇലക്ട്രിക് മോട്ടോർ സെറ്റപ്പുമായി വരുന്ന വോൾവോ സി40 405 ബിഎച്ച്പി പവറും 660 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഒരു തവണ ചാർജ് ചെയ്താൽ 530 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നതാണ് ഈ വാഹനത്തിന്റെ പ്രത്യേകത. 27 മിനിറ്റിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന ഫാസ്റ്റ് ചാർജറും വോൾവോ നൽകുന്നു. 56.90 ലക്ഷം മുതലാണ് എക്‌സി 40യുടെ വില ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ സി40-യുടെ വില ഇതിലും ഉയരാനാണ് സാധ്യത. വില പുറത്തുവിട്ടതിന് ശേഷം വോൾവോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ തന്നെ ഓർഡർ ചെയ്യാവുന്നതാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Comments