ആലപ്പുഴ: 71 വർഷം പഴക്കമുള്ള വായനക്കാർ അമൂല്യനിധിയായി കണക്കാക്കുന്ന ഒരു കയ്യെഴുത്തുമാസിക ശ്രദ്ധേയമാകുകയാണ്. ആദിക്കാട്ടുകുളങ്ങര ജനതാ ഗ്രന്ഥശാലയിലാണ് നിധിപോലെ കാത്ത് സൂക്ഷിച്ചിട്ടുള്ള കൈയ്യെഴുത്തു മാസികയുള്ളത്. പതിറ്റാണ്ടുകളുടെ കഥയാണ് ഈ അമുല്യനിധിയ്‌ക്ക് പറയാനുള്ളത്.
‘കല’എന്ന കയ്യെഴുത്തുമാസികയാണ് പുതുമ നിലനിർത്തി ഗ്രന്ഥശാലയിൽ ഇന്നും സൂക്ഷിച്ചിരിക്കുന്നത്. 1952-ൽ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യദിന വിശേഷ പതിപ്പാണ് ‘കല’. അന്തരിച്ച പ്രശസ്ത നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ നേതൃത്വത്തിലാണ് മാസിക പ്രസിദ്ധീകരിച്ചിരുന്നത്. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രകടമാക്കുന്ന അനേകം കഥകൾ, കവിതകൾ, ലേഖനങ്ങൾ, കാർട്ടൂൺ ചിത്രങ്ങൾ എന്നിവയാണ് മാസികയുടെ പ്രധാന ഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ലേഖനങ്ങൾ വായിക്കാനും കുട്ടികളുടെ കലാവാസനകൾ അറിയാനും നിരവധി പേരാണ് മാസിക മുടങ്ങാതെ വായിച്ചിരുന്നത്. ഇത് ഇപ്പോഴും അമൂല്യനിധിയായി ഗ്രന്ഥശാലയിൽ സൂക്ഷിച്ചുവരികയാണ്.
പതിനായിരത്തിലധികം പുസ്തകങ്ങൾ, ഗ്രന്ഥങ്ങൾ, മുപ്പതോളം അനുകാലിക പ്രസിദ്ധികരണങ്ങൾ, ഭീമൻ റഫറൻസ് ബുക്കുകൾ എന്നിവ പഴക്കം വരാതെ ഗ്രന്ഥശാലയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടാതെ ഗ്രന്ഥശാലയുടെ ഭാഗമായി ബാലവേദി, യുവജനവേദി വനിതാവേദി, വയോജനവേദി, ഗ്രാമീണ വനിത പുസ്തകവിതരണ വേദി, തുടങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്. റാവുത്തർമാരുടെ മുന്നൂറ് വർഷം, മായത്ത സ്മരണകൾ, പോലീസ് അക്കാഡമിയും പരിശീലന രീതികളും, മാലാഖയുടെ സങ്കടങ്ങൾ എന്നീ പുസ്തകൾ ജനതാ ഗ്രന്ഥശാലയിലൂടെ പ്രസിദ്ധീകരിച്ചവയാണ്.
1946- ൽ സ്വാതന്ത്രസമര സേനാനി എംഎൻ ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം തുടങ്ങിയ ഗ്രന്ഥശാലയാണ് ആദിക്കാട്ടുകുളങ്ങരയിലെ ജനതാ ഗ്രന്ഥശാല. മധ്യ തിരുവതാംകുറിൽ സ്ഥാപിക്കപ്പെട്ട ആദ്യഗ്രന്ഥശാലയാണിത്. കെആർ ഗംഗാധരപ്പിള്ള പ്രസിഡന്റ് ചുമതലയും കെഎം മസ്തഫാ റാവുത്തർ സെക്രട്ടറി ചുമതലയും നിർവഹിച്ചിരുന്നു. വർഷങ്ങൾ പഴക്കമുള്ള ഈ ഗ്രന്ഥശാലയ്‌ക്ക് ഇന്നും വിവിധയിടങ്ങളിലായി വായനക്കാരുണ്ട്.
Comments