തിരുവനന്തപുരം: 2022 സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പുരസ്കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടതായും ഇതിന്റെ തെളിവ് കൈവശമുള്ളതായും ലിജീഷ് ഹർജിയിൽ പറയുന്നു. രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
രഞ്ജിത്ത് പുരസ്കാര നിർണയത്തിൽ ഇടപെട്ടുവെന്ന് ജൂറി അംഗങ്ങളായ നേമം പുഷ്പരാജ്, ജെൻസി ഗ്രിഗറി എന്നിവർ വെളിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. സംവിധായകൻ വിനയനാണ് കാൾ റെക്കോർഡ് പുറത്തുവിട്ടത്. 19-ാം നൂറ്റാണ്ടിന് അവാർഡ് ലഭിക്കാതിരിക്കാൻ രഞ്ജിത്ത് ഇടപെട്ടു എന്ന വാദം തെളിയിക്കാനായിരുന്നു താനുമായുള്ള ജൂറിമാരുടെ ഫോൺ സംഭാഷണം വിനയൻ പരസ്യപ്പെടുത്തിയത്.
വിഷയത്തിൽ മുഖ്യമന്ത്രിക്ക് വിനയൻ പരാതി നൽകിയിരുന്നു. പരാതിയിന്മേൽ രഞ്ജിത്തിനെതിരെ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയിരിക്കുന്നത്. എന്നാൽ തൽക്കാലം വിഷയത്തിൽ പ്രതികരിക്കാനില്ലെന്നാണ് രഞ്ജിത്ത് ഒരു മാദ്ധ്യമത്തിന് മറുപടി നൽകി.
Comments