ഇന്ത്യൻ പോസ്റ്റൽ സർക്കിൾ ഗ്രാമീൺ ഡാക് സേവക് തസ്തികകളിൽ ഒഴിവുകൾ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ ( എബിപിഎം), ഡാക് സേവക്‌സ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓഗസ്റ്റ് 23 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.
ഓഗ്സറ്റ് 24 മുതൽ 26 വരെയുള്ള തീയതികളിൽ അപേക്ഷകർക്ക് അപേക്ഷ ഫോമിൽ തിരുത്തലുകൾ വരുത്താൻ സാധിക്കും. നിലവിൽ 30,041 ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകർ കേന്ദ്രസർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ കേന്ദ്ര ഭരണ പ്രദേശങ്ങൾ അംഗീകരിച്ച ഏതെങ്കിലും ബോർഡിൽ നിന്ന് ഗണിതത്തിലും ഇംഗ്ലീഷിലും പാസായി പത്താം ക്ലാസിലെ സെക്കൻഡറി സ്‌കൂൾ പരീക്ഷ പൂർത്തിയാക്കിയവരായിരിക്കണം എന്നതാണ് വിദ്യാഭ്യാസ യോഗ്യത. കൂടാതെ, ഏതെങ്കിലും അംഗീകൃത വിഭാഗങ്ങളിൽ ജി ഡി എസ് പോസ്റ്റിന് അപേക്ഷിക്കുന്നവർ അവരുടെ പ്രാദേശിക ഭാഷ കുറഞ്ഞത് സെക്കൻഡറി സ്റ്റാൻഡേർഡ് വരെ പഠിച്ചിരിക്കണമെന്നും പറയുന്നു.
ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം) തസ്തികയിലേക്ക് ഗ്രാമീൺ ഡാക് സേവക്മാരായി നിയമിക്കപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ പ്രതിമാസ ശമ്പളം 12,000 മുതൽ 29,380 രൂപ വരെയാണ്. ഡാക് സേവക്, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എബിപിഎം) എന്നീ തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നവർക്ക് 10,000 രൂപ മുതൽ 24,470 രൂപ വരെയാണ് ശമ്പളം ലഭിക്കുക.















