ചെന്നൈ; ടീം ഫിസിയോ ഇല്ലാതെയെത്തിയ പാകിസ്താൻ ഹോക്കി ടീമിന് തമിഴ്‌നാട്ടിൽ നിന്ന് ഫിസിയോയെ ഏർപ്പാടാക്കി നൽകി സംഘാടകർ. ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ടൂർണമെന്റ് സംഘാടകരാണ് പാക്ക് ടീമിനെ സഹായിക്കാൻ ഫിസിയോയെ നൽകിയത്. ഫിസിയോയുടെ സേവനമില്ലാതെയാണ് പാക് ടീം ഇന്ത്യയിലെത്തിയത്. പിന്നീട് ഇവരുടെ അഭ്യർത്ഥനയെ തുടര്‍ന്നാണ് സൗകര്യമൊരുക്കിയത്.
ചെന്നൈ സ്വദേശി രാജ്കമൽ ടൂർണമെന്റിന്റെ തുടക്കം മുതൽ പാക് ടീമിനൊപ്പമുണ്ട്. 2016 മുതൽ തമിഴ്നാട് ഹോക്കി ടീം, ടിഎൻസിഎ ഫസ്റ്റ് ഡിവിഷൻ ക്രിക്കറ്റ് ടീമുകൾ, തമിഴ്‌നാട് പ്രിമിയർ ലീഗ് ക്രിക്കറ്റ് ടീമുകൾ എന്നിവർക്കൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവപരിചയവുമായാണ് രാജ്കമൽ പാക് ടീമിനൊപ്പം ചേർന്നത്.
ചീഫ് കോച്ച് ഷഹനാസ് ഷെയ്ഖിന്റെ അഭാവത്തിൽ പാക്കിസ്താൻ ടീമിനെ പരിശീലിപ്പിക്കുന്ന മുഹമ്മദ് സാഖ്ലെയ്ൻ രാജ്കമലിനെ ‘ദൈവദൂതൻ’ എന്നാണു വിശേഷിപ്പിക്കുന്നത്.
തമിഴ്‌നാട് പ്രീമിയർ ലീഗിൽ നെല്ലയ് റോയൽസ് കിംഗ്‌സിനൊപ്പം മൂന്ന് സീസണിലും രാജ് കമൽ ഫിസിയോ ആയി പ്രവർത്തിക്കുകയാണ്. ‘എനിക്ക് ആശയവിനിമയം ഒരു പ്രശ്‌നമല്ല, ഞാൻ ഇംഗ്ലീഷിൽ സംസാരിക്കും. പിന്നീട് ഞങ്ങൾ മൊഴിമാറ്റം നടത്തും. അവർ നന്നായി തന്നെയാണ് എന്നെ സ്വീകരിച്ചത്. ടീമിൽ നല്ല അന്തരീക്ഷവുമാണ്’.-രാജ് കമല്‍ പറഞ്ഞു
2016 മുതൽ രാജ്കമൽ സ്‌പോർട്‌സ് ഫിസിയോ ആണ്. ‘ഓഗസ്റ്റ് 9ന് ഇന്ത്യ പാകിസ്താനുമായി ഏറ്റമുട്ടുമ്പോൾ വേർതിരിവിന്റെ കാര്യമില്ല. ഞാൻ എപ്പോഴുമൊരു ഇന്ത്യനാണ്. ഞാൻ ചിന്തിക്കുന്നത് കളിക്കാരുടെ പരിക്കുകളെ കുറിച്ചാണ്’.-രാജ് കമല്‍ പറഞ്ഞു
Comments