ന്യൂഡൽഹി : പാകിസ്താനിൽ നിന്ന് രണ്ട് ഹിന്ദു കുടുംബങ്ങൾ ഉത്തർപ്രദേശിലെ ചിത്രകൂടിലെത്തി. 45 ദിവസത്തെ വിസയിലാണ് 15 അംഗ സംഘം എത്തിയത് . എന്നാൽ ഇന്ത്യയിൽ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഹിന്ദു കുടുംബങ്ങൾ വിസ പുതുക്കാൻ ആഭ്യന്തരമന്ത്രാലയത്തിനും , അമിത് ഷായ്‌ക്കും അപേക്ഷ നൽകിയിട്ടുണ്ട് .
ചിത്രകൂടിലെ സംഗ്രാംപൂർ ഗ്രാമവാസിയായ കമലേഷ് പട്ടേലാണ് ഡൽഹിയിൽ നിന്ന് പതിനഞ്ചോളം പാകിസ്താൻ ഹിന്ദുക്കളെ തന്നോടൊപ്പം കൊണ്ടുവന്നത് . ഇതറിഞ്ഞ ഗ്രാമവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് നിരവധി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. രണ്ട് ഹിന്ദു കുടുംബങ്ങളിലെയും അംഗങ്ങൾ ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും , ഇവിടെ അഭയം നൽകണമെന്നും പോലീസിനോട് പറഞ്ഞു .
ഈ സാഹചര്യത്തിൽ, രണ്ട് കുടുംബങ്ങളെയും സംഗ്രാംപൂരിലെ പഞ്ചായത്ത് ഭവനിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് വൃന്ദ ശുക്ല പറഞ്ഞു. പഞ്ചായത്ത് ഭവനിൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഇവർ കാണിച്ച രേഖകൾ പോലീസ് പരിശോധിച്ചുവരികയാണ്.വിവരങ്ങൾ മുഴുവൻ ആഭ്യന്തര മന്ത്രാലയത്തിനും എഫ്ആർആർഒയ്‌ക്കും (ഫോറിനർ റീജിയണൽ രജിസ്ട്രേഷൻ ഓഫീസ്) അയച്ചിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു.
Comments