കാസർകോട്: കർണാടകയിലെ മംഗലാപുരം തലപ്പാടിയിൽ ബിജെപി പിന്തുണയോടെ എസ്ഡിപിഐ പഞ്ചായത്ത് ഭരണം നേടി എന്നതരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജം. തലപ്പാടി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് സമിതിയിൽ ആകെ 9 അംഗങ്ങൾ ഉണ്ടായിരുന്ന എസ്ഡിപിഐയെ രണ്ട് സ്വതന്ത്രന്മാർ കൂടി പിന്തുണയ്ക്കുകയായിരുന്നു. തുടർന്ന് കക്ഷിനില തുല്യമായതോടെ, നടത്തിയ നറുക്കെടുപ്പിൽ എസ്ഡിപിഐ അംഗത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
എന്നാൽ വിഷയത്തെ തെറ്റായി റിപ്പോർട്ട് ചെയ്യുകയും ബിജെപി പിന്തുണയോടെ എസ്ഡിപിഐ അധികാരം പിടിച്ചെന്ന തരത്തിൽ വസ്തുതാ വിരുദ്ധമായ വാർത്ത ദേശീയ, മലയാള മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. തലപ്പാടി ഗ്രാമപഞ്ചായത്തിൽ ആകെ 24 അംഗങ്ങളാണുള്ളത്. ബിജെപി 11, എസ്സ്ഡിപിഐ 10, കോൺഗ്രസ് 1, സ്വതന്ത്രർ 2 എന്നിങ്ങനെയാണ് കക്ഷി നില. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുള്ള ഏക അംഗവും ഒരു എസ്ഡിപിഐ അംഗവും വിട്ടുനിന്നു. എന്നാൽ സ്വതന്ത്രന്മാരായ ഫയാസ്, മുഹമ്മദ് എന്നിവരുടെ പിന്തുണയോടെ 11 എന്ന സംഖ്യയിൽ എസ്ഡിപിഐ എത്തി.
കക്ഷിനില തുല്യമായതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്ക് നീങ്ങുകയായിരുന്നു. ടോസ് എസ്ഡിപിഐയ്ക്ക് അനുകൂലമായതോടെ ഇസ്മയിൽ പ്രസിഡന്റ് ആകുകയുമായിരുന്നു. സംവരണ സീറ്റായ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ ബിജെപിയുടെ പുഷ്പാവതി ഷെട്ടി തിരെഞ്ഞെടുക്കപ്പെട്ടു. എന്നാൽ വ്യാജവാർത്ത പ്രചരിച്ചതോടെ ബിജെപി ദേശീയ ഐടിസെൽ മേധാവി അമിത് മാളവ്യ രംഗത്തുവന്നു. എസ്ഡിപിഐയുമായി ഒരു സഖ്യത്തെ കുറിച്ച് ചിന്തിക്കുന്ന സാഹചര്യം പോലും ഉദിക്കുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. വ്യാജവാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ബിജെപി.
Comments