ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ചാന്ദ്ര ദൗത്യം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. ഇനിയുള്ള ഭ്രമണപഥം താഴ്‌ത്തലിനു ശേഷം സോഫ്റ്റ് ലാൻഡിംഗ് എന്ന നിർണായക ഘട്ടമാണ് മുന്നിലുള്ളത്. പേടകത്തിന്റെ നിലവിലെ വേഗത മണിക്കൂറിൽ 6,048 കിലോമീറ്ററാണ്. ഈ വേഗത കുറച്ചു കൊണ്ട് വരിക എന്നതാണ് ഇനി മുന്നോട്ട് വയ്‌ക്കുന്ന പ്രധാന ചുമതല. മണിക്കൂറിൽ 6,048 കിലോമീറ്ററിൽ നിന്നും 10.8 കിലോമീറ്റർ വേഗതയിലേക്കാണ് പേടകത്തെ എത്തിക്കേണ്ടത്. വേഗതയ്‌ക്കൊപ്പം തന്നെ ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള പേടകവും ചന്ദ്രോപരിതലവും തമ്മിലുള്ള അകലവും കുറച്ചു വരികയാണ് വേണ്ടത്.
ഇത്തരത്തിൽ നൂറ് കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തുന്നതോടെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും ലാൻഡർ വേർപെടും. ഇതിന് ശേഷം ചന്ദ്രന്റെ നൂറ് കിലോമീറ്റർ അകലെയും 30 കിലോമീറ്റർ അടുത്തുമുള്ള ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. ഈ ഘട്ടങ്ങളെല്ലാം വിജയകരമായി പിന്നിട്ടതിന് ശേഷമായിരിക്കും സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാകുക. മുപ്പത് കിലോമീറ്റർ അകലെയായുള്ള പെരിലൂൺ എന്ന ഭ്രമണപഥത്തിൽ എത്തിച്ചതിന് ശേഷമാകും ഇവിടെ നിന്നും ലാൻഡിംഗിനുള്ള ഓപ്പറേഷൻ ആരംഭിക്കുന്നത്.
30 കിലോമീറ്റർ ഉയരത്തിൽ നിന്ന് അവസാന ലാൻഡിംഗിന് ശ്രമിക്കവെ ലാൻഡറിന്റെ ചലന വേഗത കുറച്ച് നിയന്ത്രണ വിധേയമാക്കുന്നതിലാണ് സോഫ്റ്റ് ലാൻഡിംഗിന്റെ വിജയം പതിയിരിക്കുന്നത്. വേഗത മണിക്കൂറിൽ 6,048 കിലോമീറ്ററും സെക്കൻഡിൽ 1.68 കിലോമീറ്ററുമാണ് നിലവിലുള്ളത്. ഇത് മണിക്കൂറിൽ 10.8 കിലോമീറ്ററിലേക്ക് എത്തിക്കുക എന്നതാണ് നിർണായക ഘട്ടമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഫ് വ്യക്തമാക്കിയിരുന്നു. കുത്തനെ നിൽക്കുന്ന രീതിയിലേക്ക് ലാൻഡറിനെ മാറ്റുന്നതിനുള്ള പരിശ്രമമാണ് വിജയത്തിലെത്തിക്കേണ്ടത്. ഇതിന് പുറമേ ഇന്ധന ഉപയോഗം കുറയ്‌ക്കുന്നതും ഇതിൽ പ്രധാന വെല്ലുവിളികളിൽ ഒന്നാണ്.
എല്ലാ അൽഗൊരിതങ്ങളും കൃത്യമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കി മാത്രമേ ലാൻഡിംഗിന് വേണ്ട പ്രവർത്തനങ്ങൾ ആരംഭിക്കുവെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ചന്ദ്രോപരിതലത്തിൽ ഇറങ്ങുമ്പോൾ ലാൻഡിംഗ് ക്രാഫ്റ്റിന്റെ പരമാവധി മാസ് 800 കിലോഗ്രാം ആയിരിക്കണം. വെർട്ടിക്കൽ വെലോസിറ്റി 2 മില്ലി സെക്കൻഡും, വെർട്ടിക്കൽ വെലോസിറ്റി 0.5 മില്ലി സെക്കൻഡുമായിരിക്കണം.
Comments