ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗൻയാനിൽ സുരക്ഷ പരീക്ഷണങ്ങൾ നടത്തി ഐഎസ്ആർഒ. ബഹിരാകാശയാത്രികരെ സുരക്ഷിതമായി ബഹിരാകാശത്തേക്കും തിരിച്ചുമെത്തിക്കുന്ന ദൗത്യത്തിന്റെ നിർണായക ഘടകമായ ഡ്രഗ് പാരച്യൂട്ടുകളിലാണ് പരീക്ഷണം നടത്തിയത്. ഇതോടെ യാത്രികരെ സുരക്ഷിതമായി ബഹിരാകാശത്തെത്തിച്ച് തിരിച്ചെത്തിക്കുന്ന ദൗത്യത്തിലെ അടുത്ത കടമ്പയും രാജ്യം കടന്നിരിക്കുകയാണ്.
വേഗം നിയന്ത്രിക്കാനും അമിത വേഗത്തിൽ സഞ്ചരിക്കുന്നത് തടയുന്നതിനൊപ്പം ചലിക്കുന്ന വസ്തുക്കളെ സ്ഥിരപ്പെടുത്താനുമാണ് ഡ്രഗ് പാരച്യൂട്ടുകൾ വിന്യസിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനം ത്വരിതപ്പെടുത്താനും റോക്കറ്റിനെ നിയന്ത്രിക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്ന ഡ്രഗ് പാരച്യൂട്ടുകൾ ദൗത്യത്തിലെ പ്രധാനപ്പെട്ട ഭാഗമാണ്. ചണ്ഡീഗഡിലെ ടേർമിനൽ ബാലിസ്റ്റിക് റിസർച്ച് ലബോറട്ടറിയിലെ റെയിൽ ട്രാക്ക് റോക്കറ്റ് സ്ലെഡിലായിരുന്നു പരീക്ഷണങ്ങൾ. ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിന്റെയും (എഡിആർഡിഇ), ഡിആർഡിഒ-യുടെയും സഹകരണത്തോടെയാണ് പരിശോധനകൾ നടത്തിയത്.
5.8 മീറ്റർ വ്യാസത്തിൽ, കോൺ ആകൃതിയിലുള്ള പാരച്യൂട്ടുകളാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. സുഗമവും ലളിതവുമായ ഇറക്കത്തിനായി സിംഗിൾ-സ്റ്റേജ് റീഫിംഗ് മെക്കാനിസമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ബഹിരാകാശയാത്രികരെ സുരക്ഷിതമായി ബഹിരാകാശത്തേക്കും തിരിച്ചും കൊണ്ടുപോകുന്ന ദൗത്യത്തിന്റെ നിർണായക ഘടകം ഡ്രഗ് പാരച്യൂട്ടുകളുടെ വിന്യാസമാണെന്ന് ഐഎസ്ആർഒ അറിയിച്ചു. ഉപകരണങ്ങള സുരക്ഷിതമായി വെക്കുന്ന പൈറോ അധിഷ്ഠിത ഉപകരണമായ ‘മോർട്ടാർ’ എന്ന് വിളിക്കുന്ന ഉപകരണത്തിനുള്ളിലാണ് ഡ്രഗ് പാരച്യൂട്ടുകൾ ഇരിക്കുന്നത്. കമാൻഡ് ലഭിക്കുന്നതനുസരിച്ച് ഇവ പുറന്തള്ളുന്നു. കോണാകൃതിയിലുള്ള പാരച്യൂട്ടുകളായതിനാൽ ഇവ ഓപ്പണിംഗ് ഷോക്ക് കുറച്ച് സുഗമമായ ഇറക്കം സാധ്യമാക്കുന്നു. മൂന്ന് പരീക്ഷണങ്ങളാണ് ഇസ്രോ നടത്തിയത്.
ഈ വർഷമാദ്യം പൈലറ്റ്, അപെക്‌സ് കവർ സെപ്പറേഷൻ എന്നീ പരീക്ഷണങ്ങളും വിജയകരമായി പൂർത്തികരിച്ചിരുന്നു. ഭൂമിയുടെ 300-400 കിലോമീറ്റർ ദൂരപരിധിയിലുള്ള ഭ്രമണപഥത്തിലേക്കാണ് ഗഗയാൻ വിക്ഷേപിക്കുക. നാല് ദിനങ്ങൾക്ക് ശേഷം യാത്രികർ തിരിച്ചെത്തും. ജനുവരിയിൽ ആളില്ലാ ബഹിരാകാശ പേടകം വിക്ഷേപിക്കുമെന്നും ഇത് സുരക്ഷിതമായി തിരിച്ചെത്തിയാൽ 2024 ഒടുവിലോ 2025 ആദ്യമോ ഗഗയാൻ വിക്ഷേപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദൗത്യം വിജയിച്ചാൽ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ചേരും.















