ചെന്നൈ: കള്ളപ്പണക്കേസിൽ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു. 3000-ത്തിലേറെ പേജുള്ള കുറ്റപത്രമാണ് ചെന്നൈ കോടതിയിൽ ഇഡി സമർപ്പിച്ചത്. 2011 മുതൽ 2015 വരെ ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയമിക്കുന്നതിന് പണംവാങ്ങിയെന്ന അഴിമതി കേസിലാണ് സെന്തിൽ ബാലാജിക്കെതിരെ അന്വേഷണം നടക്കുന്നത്.
സെന്തിൽ ബാലാജിക്കെതിരെ ഈ കേസിൽ മൂന്ന് എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇഡി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എഐഡിഎംകെയിൽ നിന്ന് 2018 ഡിസംബറിലാണ് സെന്തിൽ ബാലാജി ഡിഎംകെയിലെത്തിയത്. 2021 ജൂലൈയിൽ കളളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡി സെന്തിൽ ബാലാജിക്കും മറ്റുളളവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
നിലവിൽ ഈ കേസിൽ റിമാന്റിൽ കഴിയുകയാണ് മന്ത്രി. ഇഡിക്ക് ഇദ്ദേഹത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇഡി കസ്റ്റഡിയിൽ ഈ മാസം 12 വരെ വിടുകയായിരുന്നു. ചെന്നൈ ശാസ്ത്രി ഭവനിലെ ഇഡി ഓഫീസിൽ നടന്ന ചോദ്യംചെയ്യലിന് ശേഷമാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഇദ്ദേഹത്തിന്റെ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് കൈമാറിയിരുന്നു. എന്നാൽ മന്ത്രിസ്ഥാനത്ത് നിന്നും ബാലാജിയെ നീക്കാൻ സ്റ്റാലിൻ സർക്കാർ തയ്യാറായില്ല.
Comments