വളർത്തു മൃഗങ്ങളെ അരുമയായി വളർത്തുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. നായയോ, പൂച്ചയോ അങ്ങനെ ഏതു മൃഗങ്ങളായാലും നമ്മുടെ യാത്രകളിലും അവയെ കൂടെ കൂട്ടുന്ന സ്വഭാവം പുതു തലമുറയിൽ വളർന്നു കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ കൗതുകമുണർത്തുന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്.
തന്റെ വളർത്തു നായയ്ക്ക് വിമാനത്തിൽ മറ്റു യാത്രക്കാരോടൊപ്പം സുഖമായി സഞ്ചരിക്കാൻ 3 ടിക്കറ്റുകളാണ് അമേരിക്കയിലെ ഒരു 27-കാരൻ ബുക്ക് ചെയ്തത്. ഗബ്രിയേൽ ബോഗ്നർ എന്ന യുവാവാണ് തന്റെ പ്രിയപ്പെട്ട നായക്കൊപ്പമുള്ള യാത്രയ്ക്കായി ഇത്തരത്തിൽ ഒരു സാഹസം കാണിച്ചത്. 63 കിലോയിലധികം ഭാരം വരുന്ന ഗ്രേറ്റ് ഡേൻ ഇനത്തിൽപ്പെട്ട തന്റെ ഡാർവിൻ എന്ന നായക്കാണ് വിമാനത്തിൽ സുഖമായിരിക്കാൻ മൂന്ന് സീറ്റുകൾ ഗബ്രിയേൽ സമ്മാനിച്ചത്. അമേരിക്കയിലെ ലോസ് ആഞ്ചലസിൽ നിന്നും ന്യൂയോർക്കിലേക്ക് പോകുന്ന ഇരുവരുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
മറ്റു യാത്രക്കാർക്കൊപ്പം തന്റെ വിമാന യാത്ര ഏറെ ആസ്വദിച്ചാണ് ഡാർവിൻ യാത്ര ചെയ്യുന്നത്. നായക്കുട്ടി തന്റെ ഇരിപ്പിടങ്ങളിൽ ശാന്തമായി വിശ്രമിക്കുന്നതും കൗതുകത്തോടെ ചുറ്റും നോക്കുന്നതും ഉറങ്ങുന്നതുമെല്ലാം വീഡിയോയിൽ കാണാൻ സാധിക്കും. യാത്രയിൽ ഉടനീളം അനുസരണയോടെ ഇരുന്നതിന് വലിയ പ്രശംസയാണ് ഇപ്പോൾ ഡാർവിൻ സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും നേടുന്നത്.
Comments