ന്യൂഡൽഹി: ബഹിരാകാശം മുതൽ ആഴക്കടൽ വരെയുള്ള ദൗത്യങ്ങളിൽ ഇന്ത്യ അതിവേഗം വളരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 77-ാം സ്വാതന്ത്ര്യദിനത്തിന്റെ ആരവങ്ങൾ രാജ്യത്ത് അലയടിക്കുമ്പോൾ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയതിനു ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ ആധുനികവത്ക്കരണത്തിന്റെ പാതയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. ബഹിരാകാശം മുതൽ ആഴക്കടൽ വരെയുള്ള ദൗത്യങ്ങളിൽ രാജ്യം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പെൺകുട്ടികൾ മുൻനിരയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അവർ ആൺകുട്ടികളെക്കാൾ ടെക്‌നോളജിയിലും, എഞ്ചിനീയറിംഗ് മേഖലകളിലും, ഗണിതശാസ്ത്ര മേഖലകളിലും മികവ് പുലർത്തുന്നുണ്ട്. പെൺകുട്ടികളുടെ ഉന്നമനമാണ് രാജ്യത്തിന്റെ ലക്ഷ്യം. ഗ്രാമങ്ങളിൽ ഇന്റർനെറ്റ് സൗകര്യവും കംപ്യൂട്ടർ ലഭ്യതയും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തെയും ആഴക്കടൽ പഠനങ്ങളെയും കുറിച്ച് പ്രധാനമന്ത്രി പരാമർശിക്കുമ്പോൾ രാജ്യം കാത്തിരിക്കുന്നതും ചാന്ദ്രയാൻ-3 ന്റെ വിജയത്തിനായി തന്നെയാണ്.
ചന്ദ്രയാൻ -3 ചന്ദ്രോപരിതലത്തിൽ പതിയെ ഇറങ്ങാൻ തയ്യാറെടുക്കുകയാണ്. ഓഗസ്റ്റ് 23-നാണ് സോഫ്റ്റ് ലാൻഡിംഗാണ് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്. ഈ ബഹിരാകാശ ദൗത്യം വിജയിക്കുകയാണെങ്കിൽ ഇന്ത്യയ്‌ക്കിത് ചരിത്ര നേട്ടമായിരിക്കും.
അതിനിടെ, സമുദ്രയാൻ എന്ന് പേരിട്ടിരിക്കുന്ന ആഴക്കടൽ ദൗത്യത്തിനും ഇന്ത്യ ഒരുങ്ങുന്നുണ്ട്. ആഴക്കടലിനെ കുറിച്ച് കൂടുതൽ പര്യവേക്ഷണം ചെയ്യുക എന്നതാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്, കൂടാതെ ഇതിൽ മൂന്ന് ഉദ്യോഗസ്ഥരെയും 6000 മീറ്റർ താഴ്ചയിലേക്ക് പര്യവേഷണത്തിനായി കൊണ്ടുപോകും. ആഴക്കടൽ വിഭവങ്ങൾ പഠിക്കുന്നതിനും ജൈവവൈവിധ്യത്തെ കൂടുതൽ അടുത്തറിയുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള സമുദ്രയാൻ പദ്ധതി, ഇന്ത്യയുടെ ആദ്യത്തെ മനുഷ്യസമുദ്ര ദൗത്യം കൂടിയാണ്.
Comments