പത്തനംതിട്ട: ഉത്തരപത്‌നിയായി ശൃംഗാര ഭാവത്തിൽ നിറഞ്ഞാടി പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ. കളക്ടറുടെ പുതിയ വേഷപ്പകർച്ച ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ വേദിയിൽ ഉത്തരപത്‌നിയായി വേഷമിട്ട് കഥകളി അവതരിപ്പിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് കളക്ടർ ദിവ്യ എസ് അയ്യർ. പ്രമുഖമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കളക്ടർ മനസ്സുതുറന്നത്. പാഷനു പുറകേ പോകുന്നത് എളുപ്പമാണെന്ന് പറയുന്നില്ലെന്നും, പക്ഷേ ഒരുപാട് ആഗ്രഹിച്ച് ചെയ്തതാണ് ഈ വേഷമെന്നും കളക്ടർ ദിവ്യ എസ് അയ്യർ പറയുന്നു.
‘പണ്ട് മുതലേ എന്റെ ബക്കറ്റ് ലിസ്റ്റിൽ ഉള്ള കാര്യമായിരുന്നു കഥകളി ചെയ്യണം എന്നുള്ളത്. മുൻപ് ഡൽഹിയിൽ വച്ച് ഒരിക്കൽ കഥകളി വേഷം കെട്ടിയിട്ടുണ്ട്. പിന്നീട് കഥകളി വർക്ക് ഷോപ്പിലും പങ്കെടുത്തിട്ടുണ്ട്. പക്ഷേ കാര്യമായി പഠിക്കാൻ അവസരം കിട്ടിയത് പത്തനംതിട്ട അയിരൂർ കഥകളി ഗ്രാമത്തിൽ വച്ചാണ്. അമ്പലങ്ങളിലും ദൂരദർശനിലുമൊക്കെ കഥകളി കണ്ടിട്ടുണ്ട്, കഥകളി സംഗീതം ഞാൻ പഠിക്കുകയും ചെയ്തിട്ടുണ്ട്. അതല്ലാതെ കഥകളിയുമായി വലിയ ബന്ധമുണ്ടായിരുന്നില്ല.
എന്നാൽ കേരളത്തിന് പുറത്തേക്ക് പോയപ്പോഴാണ് കഥകളി നമ്മുടെ നാടിന്റെ മുഖമുദ്ര തന്നെയാണെന്ന് എനിക്ക് മനസ്സിലായത്. ലോകത്ത് എവിടെ നിന്നുളളവരാണെങ്കിലും കേരളത്തെപ്പറ്റി ഓർക്കുമ്പോൾ കഥകളി മുഖം ഓർമ്മയിൽ വരും. പിന്നെ കഥകളിയെപ്പറ്റി കുറച്ച് വായിച്ചു. മസൂറിയിൽ ഐഎഎസ് അക്കാദമിയിൽ വച്ച് ഒരിക്കൽ കഥകളി വേഷം കെട്ടിയിട്ടുണ്ട്. നാടിന്റെ കലയും സംസ്‌കാരവും മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതായിരുന്നു അന്ന് എന്റെ ഉദ്ദേശ്യം. അന്ന് കഥകളി കുറച്ചു പഠിച്ചതിന് ശേഷമാണ് ചെയ്തത്. ‘- കളക്ടർ ദിവ്യ എസ് അയ്യർ പറഞ്ഞു.
പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന സ്റ്റുഡൻസ് കഥകളി ക്ലബ്ബിന്റ ഉദ്ഘാടനത്തിനാണ് കളക്ടർ ദിവ്യ എസ് അയ്യർ കഥകളി അവതരിപ്പിച്ചത്. പത്തനംതിട്ട മാർത്തോമ സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് വേദി ഒരുങ്ങിയത്.
ഇരയിമ്മൻ തമ്പിയുടെ പ്രശസ്തമായ ഉത്തരാസ്വയംവരം കഥകളിയിലെ ഉത്തരനും പത്‌നിമാരുമായുള്ള ലാസ്യ നൃത്തരംഗമാണ് വേദിയിൽ അരങ്ങേറിയത്. ഉത്തരനായി കലാമണ്ഡലം വൈശാഖും രണ്ടാമത്തെ പത്‌നിയായി കലാമണ്ഡലം വിഷ്ണുവുമാണ് ഒപ്പം അരങ്ങിലെത്തി. വിരാട രാജകുമാരനായ ഉത്തരന്റ രണ്ട് പത്‌നിമാരിൽ ഒരാളായാണ് കളക്ടർ ദിവ്യ എസ് അയ്യർ വേദിയിൽ എത്തിയത്.
അതേസമയം ഏറെ പരിശീലനം ആവശ്യമുള്ള കഥകളി ചുരുങ്ങിയ കാലംകൊണ്ട് അഭ്യസിച്ചു ഒരുമണിക്കൂർ ദൈർഘ്യമുള്ള ശൃംഗാരപ്പദം ആടിത്തീർന്നപ്പോൾ സദസ്സിലുള്ളവർ നിറഞ്ഞ കൈയ്യടി നൽകി. നേരത്തെ ഭരതനാട്യം കുച്ചുപുഡി, എന്നിവ ദിവ്യ എസ് അയ്യർ അഭ്യസിച്ചിട്ടുണ്ട്. ജന്മസിദ്ധമായ കഴിവു കൊണ്ടാണ് ചെറിയ കാലത്തെ പരിശീലനത്തിലുടെ ഉത്തരന്റ പത്‌നിയെ അവിസ്മരണീയമാക്കാൻ ദിവ്യാ എസ് അയ്യർക്ക് കഴിഞ്ഞതെന്നാണ് കഥകളി കലാകാരൻമാരും ആസ്വാദകരും വിലയിരുത്തന്നത്.
Comments