ന്യൂഡൽഹി: ഡോ. വിഎസ് അരുണാചലത്തിന്റെ വിയോഗം ശാസ്ത്ര ലോകത്തിന് വലിയ ശൂന്യത സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസിലെ കാലിഫോർണിയയിൽ വച്ച് ഇന്നലെയായിരുന്നു അരുണാചലത്തിന്റെ അന്ത്യം. 87 വയസായിരുന്നു. മുൻ ഡിആർഡിഒ മേധാവിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വേർപാടിൽ പ്രധാനമന്ത്രി അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.
അദ്ദേഹത്തിന്റെ വിയോഗം ശാസ്ത്ര സമൂഹത്തിന് വലിയ ശൂന്യതയായിരിക്കും സൃഷ്ടിക്കുകയെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. അദ്ദേഹത്തിന്റെ അറിവും ഗവേഷണത്തോടുള്ള അഭിനിവേശവും ഇന്ത്യയുടെ സുരക്ഷാ ശക്തിപ്പെടുത്താനുള്ള സമ്പന്നമായ സംഭാവനകളും ഏറെ പ്രശംസിക്കപ്പെടേണ്ടതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടപ്പെട്ടവർക്കും അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സിൽ (ട്വിറ്ററിൽ) കുറിച്ചു.
ഡോ. വിഎസ് അരുണാചലം 1982 മുതൽ 1992 വരെ പത്ത് വർഷക്കാലത്തോളമാണ് ഡിആർഡിഒയുടെ തലപ്പത്ത് സേവനമനുഷ്ഠിച്ചത്. ഡിആർഡിഒയുടെ തലപ്പത്തിരുന്ന ആദ്യ ശാസ്ത്രജ്ഞനും ശാസ്ത്ര ഉപദേഷ്ടാവുമായിരുന്നു അദ്ദേഹം. 1985-ൽ പത്മഭൂഷണും 1990-ൽ പത്മവിഭൂഷണും നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിട്ടുണ്ട് . 2015-ൽ ശാസ്ത്ര-ഗവേഷണ സാങ്കേതിക രംഗത്തെ സമഗ്ര സംഭാവനയ്‌ക്ക് ഡിആർഡിഒയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
Comments