തിരുവനന്തപുരം: 2023 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ച വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ ആരംഭിച്ചു. സെപ്തംബർ എട്ടിന് കരട് വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കും. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്തംബർ 23 ആണ്. യോഗ്യതാ തീയതിയായി നിശ്ചയിച്ചിട്ടുള്ള 2023 ജനുവരി ഒന്നിനോ അതിനുമുൻപോ 18 വയസ് തികഞ്ഞ വ്യക്തികളെയാണ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഫോറം നാലും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിന് ഫോറം ആറും ഒരു വാർഡിൽ നിന്നോ പോളിംഗ് സ്റ്റേഷനിൽ നിന്നോ സ്ഥാനമാറ്റം വരുത്തുന്നതിന് ഫോറം ഏഴിലും sec.kerala.gov.in എന്ന സൈറ്റിൽ അപേക്ഷകർ ലോഗിൻ ചെയ്ത് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഓൺലൈൻ അപേക്ഷ അയയ്ക്കുമ്പോൾ തന്നെ കമ്പ്യൂട്ടർ ജനറേറ്റഡ് ഹിയറിങ് നോട്ടീസ് അപേക്ഷകർക്ക് ലഭിക്കുന്നതാണ്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ചും പേര് ഒഴിവാക്കുന്നത് സംബന്ധിച്ചുമുള്ള ആക്ഷേപങ്ങൾ ഫോറം അഞ്ചിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുക. തുടർന്ന് അവയുടെ പ്രിന്റൗട്ടിൽ അപേക്ഷകർ ഒപ്പ് രേഖപ്പെടുത്തി നേരിട്ടോ തപാലിലൂടെയോ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർക്ക് ലഭ്യമാക്കണം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ അതാത് സെക്രട്ടറിമാരും മുനിസിപ്പാലില് കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ.
Comments