കാബൂൾ: അഫ്ഗാനിസ്ഥാനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്ന് വർഷമായി നിലനിൽക്കുന്ന വരൾച്ചയും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ ജനങ്ങളെ കടുത്ത പട്ടിണിയിലേയ്‌ക്കാണ് തള്ളി വിട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ 15.5 ദശലക്ഷം ആളുകൾ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുന്നതായും അതിൽ 2.7 ദശലക്ഷം ജനങ്ങൾ കടുത്ത പട്ടിണി അനുഭവിക്കുന്നതായുമാണ് റിപ്പോർട്ടുകൾ.
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസിന്റെ റിപ്പോർട്ടാണ് അഫ്ഗാൻ ജനതയുടെ ദുരിതം പുറത്തു കൊണ്ടുവന്നിരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ പിടിച്ചെടുത്തതോടു കൂടി രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്‌ക്കും പട്ടിണിയിലേയ്‌ക്കും കൂപ്പുകുത്തുകയായിരുന്നു. നിർബന്ധിത ശരീഅത്ത് നിയമം അടിച്ചേൽപ്പിക്കാൻ ആരംഭിച്ചതോടെ കച്ചവടങ്ങളടക്കം തകർന്നു.
യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസം മുടക്കിയതും തൊഴിലിടങ്ങളിൽ നിന്നും സ്ത്രീകളെ പുറത്താക്കിയതും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, രാജ്യത്തിന് അന്താരാഷ്‌ട്ര സഹായം നൽകിയിട്ടില്ലെന്ന പരാതിയാണ് താലിബാൻ ഭരണകൂടത്തിന്. രാജ്യത്തെ സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ വലിയ സാമ്പത്തിക പദ്ധതികൾ ഗവൺമെന്റ് തയ്യാറാക്കിയിട്ടുണ്ടെന്നും താലിബാൻ ന്യായീകരിക്കുന്നു.
അഫ്ഗാനിസ്ഥാന് വേണ്ടി നിരവധി സഹായങ്ങളാണ് ഇന്ത്യ നൽകിയിട്ടുള്ളത്. മെഡിക്കൽ സഹായങ്ങൾ. കൊറോണ വാക്‌സിനുകൾ, ടിബി വിരുദ്ധ മരുന്നുകൾ, പീഡിയാട്രിക് സ്റ്റെതസ്കോപ്പുകൾ, സ്ഫിഗ്മോമാനോമീറ്റർ മൊബൈൽ തരം, പീഡിയാട്രിക് ബിപി കഫുകൾ, ഇൻഫ്യൂഷൻ പമ്പുകൾ, ഡ്രിപ്പുകൾ തുടങ്ങിയ മെഡിക്കൽ/സർജിക്കൽ ഇനങ്ങളടങ്ങിയ ഏകദേശം 200 ടൺ വൈദ്യസഹായം ഇന്ത്യ ഇതിനോടകം അഫ്ഗാന് നൽകിയിട്ടുണ്ട്.
Comments