മാളികപ്പുറം എന്ന ചിത്രത്തിലെ കല്ലു എന്ന കഥാപാത്രത്തിലുടെ മലയാളി മനസുകളില്‍ ഇടം പിടിച്ച ബാലതാരമാണ് ദേവനന്ദ. താരത്തിന്റെ നിഷ്‌കളങ്കമായ ചിരിയും സംസാരവുമെല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ദേവനന്ദ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഗു. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഹൊറര്‍ ഫാന്റസി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ നിരവധി കുട്ടികളാണ് വേഷമിടുന്നത്. നവാഗതനായ മനു രാധാകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
മലബാറിലെ ഉള്‍നാടന്‍ ഗ്രാമത്തിലുള്ള തറവാട്ടിലേക്ക് അവധിക്കാലം ആഘോഷിക്കുന്നതിനായി അച്ഛനമ്മമാര്‍ക്കൊപ്പം മിന്ന എന്ന കുട്ടി എത്തുന്നു. ഇവിടെ വെച്ച് മിന്നയ്‌ക്കും സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന ഭീതിപ്പെടുത്തുന്ന അസാധാരണ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ മിന്ന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദേവനന്ദയാണ്. സൈജുക്കുറിപ്പാണ് ചിത്രത്തില്‍ അച്ഛനായി എത്തുന്നത്. മിന്നയുടെ അമ്മയായി എത്തുന്നത് അശ്വതി മനോഹരനാണ്.
ഓഗസ്റ്റ് 19-ന് പട്ടാമ്പിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. നിരഞ്ജ് മണിയന്‍ പിള്ള രാജു, മണിയന്‍ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണന്‍, ലയാ സിംസണ്‍ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംഗീതം ജോനാഥന്‍ ബ്രൂസ്, ഛായാഗ്രഹണം ചന്ദ്രകാന്ത് മാധവന്‍, എഡിറ്റിംഗ് വിനയന്‍ എം ജെ, കലാസംവിധാനം ത്യാഗു തവന്നൂര്‍, മേക്കപ്പ് പ്രദീപ് രംഗന്‍, കോസ്റ്റ്യൂം ഡിസൈന്‍ ദിവ്യ ജോബി, നിര്‍മ്മാണ നിര്‍വ്വഹണം എസ് മുരുകന്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിംഗ് എന്‍ ഹരികുമാര്‍, വിഎഫ്എക്‌സ് ദ്രാവിഡ ക്രിയേഷന്‍സ്, സ്റ്റില്‍സ് രാഹുല്‍ രാജ് ആര്‍, ഡിസൈന്‍സ് ആര്‍ട്ട് മോങ്ക്, പിആര്‍ഒ ഹെയിന്‍സ്, മാര്‍ക്കറ്റിംഗ് സ്‌നേക്ക്പ്ലാന്റ്.
Comments