ഓണനാളുകളിലെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആചാരമാണ് ഓണവില്ല് സമർപ്പണം. പത്മനാഭസ്വാമി ക്ഷേത്ര ഗോപുരത്തിന്റെ താഴികക്കുടമിരിക്കുന്ന വള്ളത്തിന്റെ ആകൃതിയിലാണ് വില്ല് നിർമ്മിക്കുന്നത്. നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന ആചാരത്തിനായുള്ള വില്ലുകൾ തയാറാക്കുന്നതിന്റെ തിരക്കിലാണ് കരമന മേലാറന്നൂർ കുടുംബക്കാർ.
കരമന വാണിയംമൂല മേലാറന്നൂർ കുടുംബത്തിനാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള ഓണവില്ല് നിർമ്മിച്ച് നൽകാനുള്ള അവകാശമുള്ളത്. നൂറ്റാണ്ടുകളായി ഈ കുടുംബമാണ് ഓണവില്ല് നിർമ്മിച്ച് പത്മനാഭസ്വാമിയ്ക്ക് സമർപ്പിക്കുന്നത്. ആർ ബിനുകുമാർ ആചാരിയാണ് ഇക്കൊല്ലത്തെ ഓണവില്ലിന്റെ പ്രധാന ശിൽപി. നാഗേന്ദ്രൻ ആചാരി, എം പി ഉമേഷ് കുമാർ, ആർ സുലഭൻ, ആർ ബി കെ ആചാരി, ആർ സുദർശൻ എന്നിവർ ചേർന്നാണ് ഓണവില്ല് നിർമ്മിക്കുന്നത്.
ഓണവില്ല് നിർമ്മിക്കുന്നതിനായി കടമ്പുവൃക്ഷം, മഹാഗണി എന്നിവയാണ് ഉപയോഗിക്കുക. പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെള്ള നിറങ്ങളിലായി അനന്തശയനം, ലക്ഷമി, താടക, കാവൽഭൂതങ്ങൾ, മഹർഷി തുടങ്ങിയവ വില്ലിൽ വരയ്ക്കും. ചുവന്ന ചരടും തുഞ്ചലവും വില്ലിൽ കെട്ടുന്നതായിരിക്കും. 4.5 അടി നീളവും ആറ് ഇഞ്ച് വീതിയുമുള്ള പലകയിലാണ് പത്മനാഭസ്വാമിയുടെ ചിത്രം വരയ്ക്കുന്നത്. ആകെ എട്ട് വില്ലുകളാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠകളിൽ ചാർത്തുന്നത്.
Comments