തിരുവനന്തപുരം: പ്രൊഫഷണലായി ക്ഷേത്രകലയിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ മുസ്ലീം വനിതയായി ഷിബിന റംല. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ഷിബിന റംല നങ്ങ്യാർകൂത്തിൽ അരങ്ങേറ്റം നടത്തിയാണ് ചരിത്രത്തിന്റെ ഭാഗമായത്. പടിയരഞ്ഞാണവും കീരിടവുമണിഞ്ഞ് മാർഗി നാട്യഗ്രൃഹത്തിൽ ഒരു മണിക്കൂർ നീണ്ടുനിന്ന ശ്രീകൃഷണ ലീല നങ്ങ്യാർകൂത്താണ് റംല അവതരിപ്പിച്ചത്.
ബെംഗളൂരുവിൽ എച്ച് ആർ അസോസിയേറ്റായ ഷിബിന മോഹിനിയാട്ടവും പഠിച്ചിട്ടുണ്ട്. നങ്ങ്യാർകൂത്ത് കലാകാരി മാർഗി ഉഷയ്‌ക്ക് കീഴിൽ ഓൺലൈനായായിരുന്നു ഷിബിനയുടെ പഠനം. ജോലി തിരക്കുകൾക്കിടയിൽ രാത്രിയായിരുന്നു പഠനം. ഒരുമാസം മുൻപ് വലിയശാല മാർഗി കൂടിയാട്ട വിദ്യാലയത്തിലെത്തി ഗുരു ഉഷയുടെ ശിക്ഷണത്തിൽ അരങ്ങേറ്റത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു.
ജാതിയും മതവുമായി കലയ്‌ക്ക് ബന്ധമില്ലെന്നാണ് റംലയുടെ പക്ഷം. ഇതരമതസ്ഥർക്ക് പ്രവേശനം അനുവദിക്കുന്ന ക്ഷേത്രങ്ങളിൽ റംല സന്ദർശനം നടത്താറുണ്ട്. ക്ഷേത്രങ്ങളിൽ നങ്ങ്യാർകൂത്ത് അവതരിപ്പിക്കണം എന്നതാണ് ഷിബിനയുടെ ആഗ്രഹം.
Comments