കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വീണ്ടും പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ മകളായത് കൊണ്ടല്ല, വീണ നിരപരാധി ആയതുകൊണ്ടാണ് സിപിഎം വീണക്കൊപ്പം നിൽക്കുന്നതെന്നാണ് മാദ്ധ്യമങ്ങളോട് മന്ത്രി പറഞ്ഞത്.
മാസപ്പടി വിവാദത്തിൽ പറയാനുള്ളതൊക്കെ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. വീണയ്‌ക്കെതിരെ പലരായി ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയാനില്ല. ആരോപണങ്ങളിൽ നിയമ വ്യവസ്ഥ അനുസരിച്ച് കാര്യങ്ങൾ നടക്കട്ടെ. വിവാദങ്ങളിലേയ്‌ക്ക് അതുമായി ബന്ധപ്പെട്ട ആളുകളെ മനപൂർവ്വം വലിച്ചിഴയ്‌ക്കുകയാണ്. നാമനിർദേശ പത്രികയിൽ നൽകിയ വിവരങ്ങൾ അന്ന് തന്നെ എല്ലാവരും കണ്ടതാണ്. ആരോപങ്ങളിൽ മിണ്ടിയാലും മിണ്ടിയില്ലേലും മാദ്ധ്യമങ്ങൾ വാർത്തയാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നിരപരാധി എന്നറിയാവുന്നത് കൊണ്ടാണ് പാർട്ടി വീണക്കൊപ്പം നിൽക്കുന്നതെന്ന് എ കെ ബാലൻ പറഞ്ഞു. നീതിക്കൊപ്പം എന്നും നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎം. വീണ ഐജിഎസ്ടി ഒടുക്കിയതിന്റെ രേഖകൾ കാണിച്ചാൽ ആരോപണങ്ങൾ പിൻവലിക്കുമോയെന്നും അദ്ദേഹം ആരാഞ്ഞു. തെറ്റൊണെന്നു തെളിഞ്ഞാൽ ആരോപണങ്ങൾ ഉന്നയിച്ചവർ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments