യോഗി ആദിത്യനാഥ് എന്ന ഹൈന്ദവാചാര്യൻ
സൂപ്പർതാരം രജനീകാന്ത്, യോഗി ആദിത്യനാഥിനെ സന്ദർശിച്ച വാർത്ത ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. യോഗിയെ കണ്ടയുടനെ രജനീകാന്ത് അദ്ദേഹത്തിന്റെ പാദ നമസ്കാരം ചെയ്ത് അനുഗ്രഹം തേടി. എന്നാൽ രജനിയുടെ ഈ പ്രവർത്തി വ്യാപകമായ രീതിയിൽ അധിക്ഷേപിക്കപ്പെടുകയുണ്ടായി. ആചാര്യന്മാരെയും മുതിർന്നവരെയും കാണുമ്പോൾ പാദ നമസ്കാരം ചെയ്യുക എന്നത് ഭാരതീയ സമ്പ്രദായമാണ്. ആദിത്യനാഥ് ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രിയിലുപരി ഹിന്ദു സംസ്കാരത്തിലെ പ്രബലമായ ഗുരുപരമ്പരയായ നാഥപരമ്പരയുടെ ഇപ്പോഴത്തെ പരമാചാര്യനാണ്. ഉത്തർപ്രദേശിലെ ഗോരഖ് പൂരിലെ ഗോരഖ് നാഥ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുമാണ് യോഗി ആദിത്യനാഥ്.
ഇന്ത്യയിലെയും നേപ്പാളിലെയും ഹിന്ദുമതത്തിനുള്ളിലെ ഒരു ശൈവ ഉപപാരമ്പര്യമാണ് “നാഥ് പരമ്പര”.ശിവൻ അഥവാ ആദിനാഥനിൽ തുടങ്ങുന്ന ഒമ്പത് നാഥ ഗുരുക്കന്മാരാണ് ഈ സമ്പ്രദായത്തിലെ ഗുരുപരമ്പര. ഇവരെ നവനാഥന്മാർ എന്ന് അറിയപ്പെടുന്നു. ശിവന് ശേഷമുള്ള ഗുരു, ദക്ഷിണേന്ത്യയിൽ മച്ചമുനി എന്നറിയപ്പെടുന്ന മത്സ്യേന്ദ്രനാഥ് ആണ്. ശിവനിൽ നിന്ന് ഉപദേശം സ്വീകരിച്ച അദ്ദേഹമാണ് നാഥ സമ്പ്രദായത്തിന്റെ സ്ഥാപകൻ അടുത്ത “ഗുരു ഗോരഖ് നാഥ് അഥവാ ഗോരക്ഷാ നാഥ്” ആണ്. ഉത്തർപ്രദേശിലെ ഗോരഖ് പൂർ എന്ന പട്ടണം അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇവിടെയുള്ള ഗോരഖ് നാഥ് മഠം ഈ പരമ്പരയുടെ ആശ്രമമാണ്. പൗരാണിക ഭാരതത്തിലെ 16 മഹാജനപദങ്ങളിൽ ഒന്നായ കോസലത്തിന്റെ ആധ്യാത്മിക പ്രഭവ കേന്ദ്രമായിരുന്നു ഗോരഖ് പൂർ എന്ന പട്ടണം. നേപ്പാളിലും ഇന്ത്യയിലും നാഥ പരമ്പരയുടെ കീഴിലുള്ള ദശലക്ഷക്കണക്കിനു ശൈവരുടെ ആധ്യാത്മിക തലസ്ഥാനമാണ് ഇന്ന് ഗോരഖ് നാഥ്. നേപ്പാളിലെ ഗൂർഖകൾ അവരുടെ പേര് സ്വീകരിച്ചത് ഈ ഗുരുവിൽ നിന്നാണ്. നേപ്പാളിലെ ചരിത്രപ്രധാനമായ ജില്ലയായ ഗൂർഖ അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
Gorakshanathവൈദേശിക അധിനിവേശത്തെ മുച്ചൂടും എതിർത്ത ഒരു ചരിത്രമാണ് നാഥ പാരമ്പരയുടേത്. അന്നുവരെയുള്ള എല്ലാ യാഥാസ്ഥിതികസന്യാസ പരിസരങ്ങളെയും വെല്ലുവിളിച്ച അവർ അന്നേ രാഷ്‌ട്രീയമായി പ്രതികരിച്ചിരുന്നു. നാഥ പാരമ്പര സന്യാസ സംഘടനകളും, സഞ്ചാര സംഘങ്ങളും രൂപീകരിച്ചു. നാഥിന് അതിന്റെ സന്യാസ ഗ്രൂപ്പുകൾക്ക് സമാന്തരമായി ഒരു വലിയ ഗൃഹസ്ഥാശ്രമപാരമ്പര്യവുമുണ്ട്. ഭാരതത്തിലെ ഇസ്ലാമിക അധിനിവേശകാലത്ത് അവർ യോദ്ധാക്കളായ സന്യാസികളായി മാറി. ഇസ്ലാമിക അക്രമികളോട് ഇണങ്ങിയും പിണങ്ങേണ്ടപ്പോൾ പിണങ്ങിയും തന്നെ അവർ നിലകൊണ്ടു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും പിന്നീട് ബ്രിട്ടീഷ് രാജഭരണത്തിന്റെയും കാലത്ത് നാഥ പരമ്പര വീണ്ടും രാഷ്‌ട്രീയത്തിൽ ഇടപെട്ടു. ഇന്ത്യയിൽ എമ്പാടും യാത്ര ചെയ്ത നാഥസന്യാസിമാർ ദേശീയതയുടെ നിറച്ചാർത്തുകൾ ഒരുക്കാൻ തുടങ്ങി. ബ്രിട്ടീഷുകാരാകട്ടെ സഞ്ചാരികളായ യോഗികളെ അടിച്ചമർത്തുകയും പലരും ഗൃഹനാഥ ജീവിതത്തിലേക്ക് പോകാൻ നിർബന്ധിതരാവുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിലെ നേപ്പാളിലെ രാജാവായ പൃഥ്വി നാരായൺ ഷാ, തന്റെ ഗൂർഖ രാജ്യം പടിഞ്ഞാറോട്ട് ഗർവാൾ വരെ വ്യാപിപ്പിക്കാൻ നാഥ യോഗികളുടെ സഹായവും പ്രയോജനപ്പെടുത്തി.
ആധുനിക ഇന്ത്യയിൽ ഒരു നൂറ്റാണ്ടിലേറെയായി ഗോരഖ്‌നാഥ് മഠം രാഷ്‌ട്രീയ കാര്യങ്ങളിൽ പ്രത്യക്ഷമായി ഇടപെടുന്നുണ്ട്. മഹന്ത് ദിഗ്‌വിജയ് നാഥ് 1921-ൽ കോൺഗ്രസിൽ ചേർന്നു. 1922 ൽ സമാധാനപരമായി നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്ത ഒരു വലിയ കൂട്ടം പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവെച്ചു. അക്രമാസക്തരായ ജനക്കൂട്ടം ഒരു പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും തീയിടുകയും ചെയ്തു. ഏതാനും പോലീസുകൾ കൊല്ലപ്പെട്ട ഈ സാംഭവത്തിനെ “ചൗരി ചൗര സംഭവ”മെന്നാണ് വിളിക്കുന്നത്. ഈ ചൗരി ചൗര എന്ന സ്ഥലം ഗോരഖ് പൂരിലാണ്.
ചൗരി ചൗര സംഭവത്തിൽ “സജീവമായി” പങ്കെടുത്തതിന് മഹന്ത് ദിഗ്‌വിജയ് നാഥ് അറസ്റ്റിലായി. പിന്നാലെ ഈ പേരിൽ ഗാന്ധി നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചു. രാഷ്‌ട്രം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് പിന്തുണ നൽകുന്ന കാലഘട്ടത്തിൽ കോൺഗ്രസിന്റെ ഒട്ടുമിക്ക പ്രവർത്തകരുംജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് തിടുക്കത്തിലുള്ളതും തെറ്റായതുമായ ഒരു തീരുമാനം എടുക്കുകയായിരുന്നു ഗാന്ധി.
മഹന്ത് ദിഗ്‌വിജയ് നാഥ്
പിന്നീട് മഹന്ത് ദിഗ്‌വിജയ് നാഥ് 1939-ൽ നാഥ് ഹിന്ദു മഹാസഭയിൽ ചേർന്നു, 1939-ൽ വി ഡി സവർക്കർ അതിന്റെ പ്രസിഡന്റായി ചുമതലയേറ്റ സമയത്താണ് അദ്ദേഹത്തെ ഹിന്ദു മഹാസഭയിലെത്തിച്ചത്. താമസിയാതെ യുണൈറ്റഡ് പ്രവിശ്യയിലെ പാർട്ടി യൂണിറ്റിന്റെ തലവനായി. ഗാന്ധിയുടെ അഹിംസാ പ്രസ്ഥാനത്തെ അദ്ദേഹം ശക്തമായി എതിർത്തു. സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുപിന്നാലെ, ഗാന്ധിയുടെ മരണശേഷം മഹന്ത് ദിഗ്‌വിജയ് നാഥ് അറസ്റ്റിലായി. 9 മാസം ജയിലിൽ കിടന്നു. മോചിതനായ ശേഷം, 1949-ലെ രാമജന്മഭൂമി പ്രസ്ഥാനത്തിന് അദ്ദേഹം നേതൃത്വം നൽകി , 9 ദിവസത്തെ രാമചരിത മാനസ് പാരായണം നടത്തി.1966-67ലെ ഗോവധ വിരുദ്ധ പ്രക്ഷോഭം അഥവാ ‘ഗോ രക്ഷാ’ പ്രക്ഷോഭം 17 വർഷത്തിനു ശേഷം ദിഗ്വിജയ് നാഥിനെയും ഗോരഖ് നാഥ് മഠത്തെയും രാഷ്‌ട്രീയ രംഗത്തേക്ക് തിരികെ കൊണ്ടുവന്നു.
അന്ന് ഗോസംരക്ഷണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോവധം നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്, രാഷ്‌ട്രീയ സ്വയംസേവക് സംഘം, ഹിന്ദു മഹാസഭ, രാമരാജ്യ പരിഷത്ത് എന്നിവയുൾപ്പെടെ വിവിധ സംഘടനകൾ ഈ വിഷയത്തിൽ ഒന്നിച്ചു. മഹന്ത് ദിഗ്വിജയ് നാഥും സ്വാമി കർപത്രിജിയും ഈ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 1966 നവംബർ 7-ന് ആയിരക്കണക്കിന് സാധുക്കൾ ഇന്ത്യൻ പാർലമെന്റിലേക്ക് മാർച്ച് നടത്തി.വിശ്വ പ്രസിദ്ധ ഇന്തോളജിസ്റ് ആയ ക്രിസ്റ്റോഫ് ജാഫ്രെലോട്ട്സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും ജനകീയമായ ബഹുജന പ്രസ്ഥാനമായി അതിനെ വിശേഷിപ്പിച്ചു.
മഹന്ത് ദിഗ്‌വിജയ് നാഥ് 1967 -ൽ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച് ഗോരഖ്പൂരിലെ എംപിയായി. അദ്ദേഹത്തിന്റെ പിൻഗാമിയായ മഹന്ത് അവൈദ്യനാഥ് 1962, 1967, 1969, 1974, 1977 വർഷങ്ങളിൽ സ്വതന്ത്രനായി മണിറാമിലെ എംഎൽഎയായും 1970ലും 1989ലും ഗോരഖ്പൂരിൽ നിന്നുള്ള എംപിയായും തിരഞ്ഞെടുക്കപ്പെട്ടു . പിൽക്കാലത്ത് ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്ന അദ്ദേഹം, 1991 ലും 1996 ലും ബിജെപി ടിക്കറ്റിൽ ഗോരഖ്പൂരിലെ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഗോരക്ഷനാഥിന്റെ അനുയായികളിൽ സൈനിക വീര്യത്തിന് പേരുകേട്ട നേപ്പാളിലെ ഗൂർഖകളും ഉണ്ടായിരുന്നു. ഗോരക്ഷനാഥ് സ്വയം തന്നെ ഒരു ആയോധന സന്ന്യാസിയായിരുന്നു. ഗോരഖ്പൂരിൽ സ്ഥിതി ചെയ്യുന്ന ഗോരക്ഷപീഠത്തിൽ മാത്രമായി നാഥപന്തിനെ പരിമിതപ്പെടുത്താൻ പറ്റില്ല ലോകമെമ്പാടും നാഥ യോഗിമാരുടെ ആശ്രമങ്ങളുണ്ട്. ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽ മത്സ്യേന്ദ്രനാഥിന്റെ പ്രതിമയുണ്ട്.ടിബറ്റിൽ നാഥ പരമ്പരയിലെ ധാരാളം പേരുണ്ട്. ചൈനയിലെ ചുവാൻ ദ്വീപസമൂഹത്തിലെ പുട്ടു ദ്വീപിലും നാഥ പരമ്പരയിലെ പ്രശസ്തമായ ഒരു ക്ഷേത്രമുണ്ട്. ബാലി, ജാവ, ഭൂട്ടാൻ, പെഷവാർ എന്നിവയ്‌ക്ക് പുറമെ നേപ്പാളിലെ മൃഗസ്ഥലിയിലും ഒരു ഗോരക്ഷപീഠമുണ്ട്. കാഠ്മണ്ഡുവിലെ ഇന്ദ്ര ചൗക്ക് മുഹാലിയിൽ ഗോരഖ്നാഥിന്റെ ഒരു ക്ഷേത്രവുമുണ്ട്. ഇന്ത്യയിൽ ഹരിദ്വാർ, സിക്കിം, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഗോരഖ്നാഥിന്റെ സിദ്ധപീഠങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽ മതപരമായും സാമൂഹികമായും മാത്രമല്ല, രാഷ്‌ട്രീയമായും പ്രാധാന്യമുള്ള ഒരാളാണ് ഗോരഖ് നാഥ് മഠത്തിന്റെ മഹന്ത്. മുമ്പ്, നേപ്പാൾ മഹാരാജാവിന്റെ കിരീടത്തിലും മുദ്രയിലും ഗുരു ഗോരക്ഷനാഥിന്റെ ചിത്രം ആലേഖനം ചെയ്തിരുന്നു.
ഗോരഖ് നാഥ് മഠത്തിലെ ഇപ്പോഴത്തെ മഹന്ത് അഥവാ മുഖ്യപുരോഹിതൻ യോഗി ആദിത്യനാഥാണ് . 2014 സെപ്റ്റംബർ 14-ന് അദ്ദേഹം മഹന്തായി നിയമിതനായി.1990 ൽ രാമക്ഷേത്ര നിർമാണ പ്രസ്ഥാനം കൊടുമ്പിരിക്കൊള്ളുന്ന കാലം .യോഗി ആദിത്യനാഥിന് അന്ന് 18 വയസ്സാണ്. അന്ന് അദ്ദേഹം വീട് വിട്ടിറങ്ങി ആ പ്രസ്ഥാനത്തിൽ ചേർന്നതാണ്. അതേ സമയം തന്നെ ഗോരഖ് നാഥ് മഠത്തിന്റെ അധിപതിയായ മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനായി അദ്ദേഹം ചേർന്നു.1998 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗോരഖ് പൂർ മണ്ഡലത്തിൽ നിന്നും യോഗി ആദിത്യനാഥിനെ തന്റെ പിൻഗാമിയായി പാര്ലിമെന്റിലേക്കും ഗുരു നിർദേശിച്ചു. മഹന്ത് അവൈദ്യനാഥിന്റെ പിൻഗാമിയായ യോഗി ആദിത്യനാഥ് 1998-ൽ ഗോരഖ്പൂരിൽ നിന്ന് 12-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് 26-ാം വയസ്സിൽ ആദ്യമായി പാർലമെന്റ് അംഗമായി. 1998 മുതൽ അദ്ദേഹം തുടർച്ചയായി ഈ പ്രദേശത്തെ പ്രതിനിധീകരിക്കുന്നു. 2014ൽ അഞ്ചാം തവണയും എംപിയായി. കഴിഞ്ഞ 28 വർഷം ഗോരഖ്‌പൂർ എംപിയുടെ വിലാസം ഗോരഖ്‌നാഥ് ക്ഷേത്രമായിരുന്നു. പിന്നീട് 2017 ൽ യൂ പി മുഖ്യമന്ത്രിയുമായി.
ഗോരഖ് നാഥ് മഠം എന്ന ഈ പീഠത്തിൽ വിശ്വസിക്കുന്ന ദശലക്ഷക്കണക്കിനാളുകൾക്കു അദ്ദേഹം ഗുരുവാണ്. “മാതാ പിതാ ഗുരുർ ദൈവം” എന്ന ഭാരതീയ തത്വത്തിൽ വിശ്വസിക്കുന്നവർ അദ്ദേഹത്തെ (ഗുരുവിനെ )ദൈവമായി കാണുന്നു. മഠത്തിന്റെ പീതാധീശ്വർ (മുഖ്യ ദർശകൻ) ആയ അദ്ദേഹം നാഥ് വിഭാഗത്തിന്റെ വിവിധ ആചാരങ്ങളുടെ പരമാചാര്യനാണ്. ഭാരതീയ ഗുരുപരമ്പരയിലെ കണ്ണിയാണ് താനും എന്നഭിമാനിക്കുന്ന, അതിനെ തന്റെ ആത്മ സത്തയായി ഉൾക്കൊള്ളുന്ന രജനീകാന്ത് , സൂപ്പർ താരം എന്ന തന്റെ മേലുടുപ്പുകൾ എല്ലാമഴിച്ചുവെച്ചു പ്രായത്തിൽ ഇളയവനായ യോഗി ആദിത്യനാഥിന് പാദനമസ്കാരം ചെയ്തത് അദ്ദേഹം ഭാരതത്തിലെ ഏറ്റവും വലിയ മഠത്തിന്റെ പീതാധീശ്വർ ആയതു കൊണ്ടാണ്.
അതിലെല്ലാം ഉപരി ഒരാൾ തനിക്ക് ബഹുമാനം തോന്നുന്ന മറ്റൊരാളെ പാദ നമസ്കാരം ചെയ്യുന്നതോ ആലിംഗനം ചെയ്യുന്നതോ അയാളുടെ സ്വാതന്ത്ര്യത്തിൽ പെടുന്നതാണ്. അതിൽ ആ രണ്ടു വ്യക്തികൾക്ക് പുറത്തു നില്കുന്ന മറ്റൊരാൾക്കും യാതൊരു കാര്യവുമില്ല. അത്തരത്തിലുള്ള പരാമർശങ്ങൾ അർഹിക്കുന്ന അവഗണന കൊടുത്ത് ചവറ്റുകുട്ടയിൽ തള്ളപ്പെടും എന്നതിൽ സംശയമില്ല.സ്വതന്ത്രമായ ഒരു പ്രവർത്തിയുടെ പേരിൽ രജനീകാന്തിനെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നവർ അദ്ദേഹത്തിന്റെ മനുഷ്യാവകാശത്തിന് വെല്ലുവിളി ഉയർത്തുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്.
രാഷ്‌ട്രീയമായ ഇടപെടലുകളും ചെറുത്തുനിൽപ്പുകളും കൊണ്ട് നിറഞ്ഞതാണ് ഗോരഖ് നാഥ് മഠത്തിന്റെ ചരിത്രം. അതിന്റെ നേരവകാശിയായ യോഗി ആദിത്യനാഥ് സമകാലിക ഭാരതത്തിൽ രാഷ്‌ട്രീയ ഇടപെടലുകൾ നടത്തുന്നത് പോലും അദ്ദേഹത്തിൽ അർപ്പിക്കപ്പെട്ട ആധ്യാത്മിക കടമയുടെ ഭാഗമാണ്. അതിനിയും തുടരുക തന്നെ ചെയ്യും.
എഴുതിയത്
രഞ്ജിത് ജി കാഞ്ഞിരത്തിൽ
Comments