ന്യൂഡൽഹി : അസർബൈജാനിലെ ബാക്കുവിൽ നടക്കുന്ന ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്ട്‌സ് ഫെഡറേഷൻ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് വെങ്കലം. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ വെങ്കലം നേടി അഖിൽ ഷിയോറൻ 2024-ലെ ഒളിമ്പിക്‌സിൽ സ്ഥാനം ഉറപ്പിച്ചു. ഓസ്ട്രിയയുടെ അലക്‌സാണ്ടർ ഷ്മിർലാണ് 462.6 സ്‌കോറോടെ സ്വർണം നേടിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ പീറ്റർ നിംബർസ്‌കി 459.2 എന്ന സ്‌കോറോടെ വെള്ളിയും കരസ്ഥമാക്കി.
ക്വാളിഫൈയിംഗ് മത്സരത്തിൽ 585 പോയിന്റോടെ ആറാം സ്ഥാനം കരസ്ഥമാക്കിയാണ് അഖിൽ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ടീം ഇനത്തിൽ 1,745 പോയിന്റോടെയാണ് ഇന്ത്യസ്വർണ മെഡൽ നേടിയത്. ഈ മത്സരത്തിൽ ഒളിമ്പ്യൻ ഐശ്വരി പ്രതാപ് സിംഗ് തോമർ 583 പോയിന്റോടെ 13-ാം സ്ഥാനവും 577 പോയിന്റോടെ നീരജ് 40-ാം സ്ഥാനവുമാണ് നേടിയത്.
2024-ൽ പാരീസിൽ നടക്കുന്ന ഒളിമ്പിക്‌സിനുള്ള യോഗ്യതാ മത്സരത്തിന്റെ ഭാഗമായുള്ള ചാമ്പ്യൻഷിപ്പാണ് ഇത്. ഫൈനൽ മത്സരത്തിൽ നാലാമതായി എത്തിയ ഉക്രെയിന്റെ സെർഹി കുലിഷും, പെറ്റർ നിംബർസ്‌കിയും നേരത്തെ ഒളിമ്പിക്‌സിലേക്കുള്ള അർഹത നേടിയവരാണ്.
Comments