ന്യൂഡൽഹി: 15-മത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദക്ഷിണാഫ്രിക്കയിലെത്തും. ഓഗസ്റ്റ് 22 മുതൽ 24 വരെ ജോഹന്നാസ്ബർഗിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുക. ബ്രിക്‌സ് ഉച്ചകോടിയ്‌ക്ക് ശേഷം സംഘടിപ്പിക്കുന്ന ‘ബ്രിക്‌സ് ആഫ്രിക്ക ഔട്ട് റീച്ച്. ബ്രിക്‌സ് പ്ലസ് ഡയലോഗ്’ എന്ന പ്രത്യേക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
പ്രസിഡന്റ് തമേല സിറിൽ റമഫോസയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഇന്ന് ദക്ഷിണാഫ്രിക്കയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് മൂന്നാം തവണയാണ് ദക്ഷിണാഫ്രിക്ക സന്ദർശിക്കുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 30-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നതാണ് ശ്രദ്ധേയം.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ലോകത്തിലെ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. ദക്ഷിണാഫ്രിക്കയ്‌ക്ക് കീഴിലാണ് ഇത്തവണത്തെ ഉച്ചകോടി. കോവിഡ് കാലഘട്ടത്തിൽ ഓൺലൈനായി നടന്ന ഉച്ചകോടിയിൽ ഇത്തവണ നേരിട്ടാണ് രാഷ്‌ട്രതലവൻമാർ പങ്കെടുക്കുക. സംരംഭങ്ങളുടെ പുരോഗതി അവലോകനം ചെയ്യാനും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഇത്തവണത്തെ ഉച്ചകോടി അവസരമൊരുക്കും. ‘ബ്രിക്‌സും ആഫ്രിക്കയും: പരസ്പര ത്വരിത വളർച്ചയ്‌ക്കും സുസ്ഥിര വികസനത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന ബഹുമുഖതയ്‌ക്കുമുള്ള പങ്കാളിത്തം’ എന്നാതാണ് ഇത്തവണത്തെ ബ്രിക്‌സിന്റെ ആശയം.
ബ്രിക്‌സ് ഉച്ചകോടിയിക്ക് ശേഷം സംഘടിപ്പിക്കുന്ന ‘ബ്രിക്‌സ് ആഫ്രിക്ക ഔട്ട് റീച്ച്. ബ്രിക്‌സ് പ്ലസ് ഡയലോഗ്’ എന്ന പ്രത്യേക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുളള നിരവധി രാജ്യങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ ക്ഷണപ്രകാരം പ്രത്യേക പരിപാടിയിൽ പങ്കെടുക്കുക. സന്ദർശന വേളയിൽ, ജോഹന്നാസ്ബർഗിൽ എത്തുന്ന വിവിധ രാഷ്‌ട്രതലവൻമാരുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തും. നിരവധി രാജ്യങ്ങളെയാണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക ബ്രിക്‌സിലേയ്‌ക്ക് ക്ഷണിച്ചിട്ടുളളത്. ദക്ഷിണാഫ്രിക്കയിലെ വ്യവസായിക യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള വ്യവസായിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതിനിധി സംഘവും ദക്ഷിണാഫ്രിക്കയിലെത്തും. ഇവർ ബിസിനസ് ട്രാക്ക് മീറ്റിംഗുകളിലും ബ്രിക്സ് ബിസിനസ് കൗൺസിൽ, ബ്രിക്സ് വുമൺ ബിസിനസ് അലയൻസ്, എന്നീയോഗങ്ങളിലായിരിക്കും പങ്കെടുക്കുകയെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു.
അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റുള്ളതിനാൽ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ ഓൺലൈനായാണ് ഉച്ചകോടിയിൽ സംബന്ധിക്കുക. റഷ്യൻ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് നയിക്കും. ദക്ഷിണാഫ്രിക്കൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഓഗസ്റ്റ് 25-ന് ഗ്രീസിലേക്ക് തിരിക്കും. പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രീസിലെത്തുന്നത്. 40 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത്.
Comments