തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരാംഗത്വം നൽകാതെ സ്ഥിരം ക്ഷണിതാവാക്കിയതിനെതിരെ രമേശ ചെന്നിത്തല. തൽക്കാലം പ്രതികരിക്കുന്നില്ലെന്നും ഉപതിരഞ്ഞെടുപ്പിന് ശേഷം അഭിപ്രായ പ്രകടനം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോൾ മുൻഗണന പുതുപ്പള്ളി തിരഞ്ഞെടുപ്പിനാണ്. മറ്റുകാര്യങ്ങളിൽ പ്രതികരണം ആറാം തീയതിയ്‌ക്ക് ശേഷം നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.
കഴിഞ്ഞദിവസം പ്രഖ്യാപിച്ച കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളുടെ പട്ടികയിൽ ശശി തരൂർ, എകെ ആന്റണി, കെസി വേണുഗോപാൽ എന്നിവർ കേരളത്തിൽ നിന്നും ഇടം പിടിച്ചിരുന്നു. എന്നാൽ മുതിർന്ന നേതാവായിട്ടുകൂടി ചെന്നിത്തലയെ പ്രത്യേകം ക്ഷണിതാക്കളുടെ പട്ടികയിലേക്കാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ തീരുമാനത്തിനെതിരെ ശക്തമായി തന്നെ അഭിപ്രായം രേഖപ്പെടുത്തുമെന്നാണ് ചെന്നിത്തല വ്യക്തമാക്കിയിരിക്കുന്നത്.
പ്രവർത്തക സമിതി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞ നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തന്നെ ഇവരോട് നേരിട്ട് സംസാരിക്കുമെന്നാണ് വിവരം. തഴയപ്പെട്ട നേതാക്കളെ മറ്റു ചുമതലകളിലേക്കോ പദവികളിലേക്കോ പരിഗണിക്കാനാണ് നീക്കം. ഒരു കുടുംബത്തിൽ നിന്നു തന്നെ മൂന്നുപേർ പട്ടികയിൽ ഇടം പിടിച്ച അവസരത്തിലാണ് മറ്റു പ്രമുഖ നേതാക്കൾ തഴയപ്പെട്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ചെന്നിത്തലയ്‌ക്ക് ഏതെങ്കിലും തരത്തിലുള്ള അതൃപ്തിയുണ്ടെങ്കിൽ നേതൃത്വം അത് പരിഹരിച്ചുനൽകുമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചത്. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നിൽക്കുന്ന നേതാവാണ് ചെന്നിത്തല എന്നതായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം.
Comments