തിരുവനന്തപുരം: ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് നടൻ ഹരീഷ് പേരടി. ഇസ്രോ ശാസ്ത്രജ്ഞരെയും കേന്ദ്ര സർക്കാരിനെയും നടൻ അഭിനന്ദിച്ചു. ശാസ്ത്രത്തിന്റെ പുരോഗതിക്കായി രാഷ്‌ട്രിയം കലർത്താതെ കൂടെ നിന്ന കേന്ദ്ര ഭരണകൂടം അഭിനന്ദനം അർഹിക്കുന്നുവെന്നും മിത്തിനെയും ശാസ്ത്രത്തെയും ഒരുമിച്ച് കൂടെ കൊണ്ടുപോകുമെന്ന് ലോകത്തോട് ഇന്ത്യ ഉറക്കെ വിളിച്ചു പറഞ്ഞുവെന്നും ഹരീഷ് പേരടി പറഞ്ഞു. ഏത് സാമ്പത്തിക സാഹചര്യത്തിലാണെങ്കിലും മനസ്സ് വെച്ചാൽ ഉയരത്തിലെത്താമെന്ന് ഇന്ത്യയുടെ ശാസ്ത്രജ്ഞാന്മാർ തെളിയിച്ചുവെന്നും നടൻ കൂട്ടിച്ചേർത്തു.
നമ്മുടെ രാജ്യത്തിന്റെ അഭിമാനം കാത്തവർ. അഭിപ്രായ വ്യത്യാസങ്ങൾ ഏറെയുണ്ടെങ്കിലും ശാസ്ത്രത്തിന്റെ പുരോഗതിക്കായി രാഷ്‌ട്രിയം കലർത്താതെ കൂടെ നിന്ന കേന്ദ്രഭരണ കൂടം അഭിനന്ദനം അർഹിക്കുന്നു. കാരണം ഞങ്ങൾ മിത്തിനെയും ശാസ്ത്രത്തെയും ഒരുമിച്ച് കൂടെ കൊണ്ടുപോകുമെന്ന് ലോകത്തോട് ഉറക്കെ പറഞ്ഞതിന്. ഇനി പുതിയ തലമുറയോടാണ്. ഈ ഫോട്ടായിൽ കാണുന്നവർ മാത്രമല്ല, ആയിരകണക്കിന് ശാസ്ത്രജ്ഞരും എൻജിനിയർമാരും ഇതിന്റെ പിന്നിലുണ്ട്. ഇവരിൽ 90 ശതമാനവും സാധാരണ കുടുംബങ്ങളിൽ നിന്ന് വന്നവരാണ്. നിങ്ങൾ ഏത് സാമ്പത്തിക സാഹചര്യത്തിലാണെങ്കിലും മനസ്സ് വെച്ചാൽ നിങ്ങൾക്കും ഇങ്ങിനെയാകാൻപറ്റും. ജീവിത സാഹചര്യം നിങ്ങളെ ചിലപ്പോൾ ഹോട്ടൽ പണിയെടുക്കാൻ നിർബന്ധിക്കും, ചിലപ്പോൾ ആരാന്റെ കാവൽക്കാരാനാകാൻ നിർബന്ധിക്കും. പക്ഷെ ആ ജോലികളൊക്കെ ആത്മാർത്ഥമായി ചെയ്തുകൊണ്ട് ഏത് സാഹചര്യത്തിലിരുന്നും ലക്ഷ്യത്തിനുവേണ്ടി പോരാടുക. അവസാനം വിജയം നിങ്ങൾക്കായിരിക്കും.
നമ്മുടെ രാജ്യത്തിന് ഇനിയും നിറയെ ശാസ്ത്രജ്ഞന്മാരെ ആവശ്യമുണ്ട്. ശാസ്ത്രജ്ഞന്മാർക്ക് പണിയില്ലാതാവുന്ന ഒരു കാലം ഇനി വരില്ല. അഥവാ അങ്ങനെ വന്നാൽ എല്ലാ വീടുകളും ശാസ്ത്ര പുരകളാവും. പഠിക്കുക, പിന്നെയും പഠിക്കുക, ശാസ്ത്ര പഠനം ലഹരിയാക്കുക. അതിലും വലിയ മാനവസേവ വേറെയില്ല. പിന്നെ കേന്ദ്ര സർക്കാരിനോട് ഒരു അഭ്യർത്ഥന. ഒരാൾ ശാസ്ത്രജ്ഞൻ അഥവാ ശാസ്ത്രഞ്ജയായി കഴിഞ്ഞാൽ അതുവരെയുള്ള അവരുടെ പഠനത്തിന്റെ മുഴുവൻ ചിലവും അവർക്ക് തിരിച്ചുകൊടുക്കുക. അത് രാജ്യത്തിന്റെ ഉത്തരവാദിത്വപ്പെട്ട നയമായി പ്രഖ്യാപിക്കുക. 23/7/2023 എന്ന ദിവസവും 6.04 എന്ന സമയവും നമ്മൾ ജനിച്ച തിയതിയേക്കാൾ പ്രാധാന്യത്തോടെ ഓർത്തുവെയ്‌ക്കുക. അപ്പോൾ നിങ്ങൾ ആത്മാഭിമാനമുള്ള ഇന്ത്യക്കാരനാവും. ലോകത്തിനു മുഴുവൻ ആവശ്യമുള്ള മനുഷ്യനാവും, ജയ് ഇസ്രോ..ജയ് ഇന്ത്യാ- ഹരീഷ് പേരടി ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments