ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. സെപ്റ്റംബർ 2നാണ് ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പിൽ നേർക്കുനേർ വരുന്നത്. എന്നാൽ ഏഷ്യ കപ്പിലെ ഇഷ്ട ടീമുകളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി.
ഇന്ത്യയും പാകിസ്താനും മികച്ച ടീമുകളാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ആവേശകരമായ മത്സരമായിരിക്കാം ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ. ഇഷ്ടപ്പെട്ട ടീം എന്നൊന്നില്ല. പാകിസ്താന്റെ ടീം മികച്ചതാണ്, അതുപോലെ തന്നെ ഇന്ത്യയുടെയും. ഏറ്റവും നന്നായി കളിക്കുന്ന ടീം വിജയിക്കുമെന്നും ഗംഗുലി പറഞ്ഞു.
പരിക്കിന് ശേഷം തിരിച്ചെത്തി അയർലൻഡ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജസ്പ്രീത് ബുംമ്രയിൽ ഗാംഗുലിയ്‌ക്ക് പ്രതീക്ഷകളേറെയാണ്. പരിക്കിന് ശേഷം ട്വന്റി-20 കളിച്ചാണ് ബുംമ്ര തുടങ്ങിയത്. ഇനിയുളളത് ഏകദിനങ്ങളാണ്, അതിൽ ബുംമ്ര 10 ഓവറും എറിയണം. ടീമിന്റെ പ്രതീക്ഷയും അവനിലാണ് -ദാദാ പറഞ്ഞു.
ഏഷ്യാ കപ്പ് സ്‌ക്വാഡിൽ നിന്ന് യുസ്‌വേന്ദ്ര ചഹലിനെ ഒഴിവാക്കിയ തീരുമാനത്തെയും ഗാംഗുലി അനുകൂലിച്ചു. ‘മൂന്ന് സ്പിന്നർമാരാണ് ടീമിലുള്ളത്. ബാറ്റ് ചെയ്യാൻ കഴിയുന്ന അക്‌സർ പട്ടേലിനെ ടീമിലെടുത്തതിലൂടെ വളരെ മികച്ച തീരുമാനമാണ്് ടീം മാനേജ്‌മെൻറ് എടുത്തിരിക്കുന്നത്’ എന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
Comments