മീററ്റ്: വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭാര്യയോട് പകവീട്ടാന്‍ സമാനതകളില്ലാത്ത ക്രൂരകൃത്യം അസൂത്രണം ചെയ്ത് നടപ്പിലാക്കി ഭര്‍ത്താവ്. സ്വന്തം മകനെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തുകയായിരുന്നു മീററ്റ് സ്വദേശിയായ സന്‍ജീവ് കുമാര്‍. 27-കാരനായ സച്ചിന് കുമാറാണ് ദാരുണമായി കൊല്ലപ്പെട്ടത്.
മീററ്റിലെ സാര്‍ധാന മേഖലയിലെ ഛൂര് ഗ്രാമത്തിലാണ് സംഭവം. അമിത് എന്ന വാടക കൊലയാളിക്ക് മകനെ കൊലപ്പെടുത്താന്‍ 5 ലക്ഷം രൂപയാണ് പിതാവ് നല്‍കിയത്. 30-കാരനായ യുവാവാണ് സച്ചിനെ നിഷ്കരുണം കൊന്നു തള്ളിയത്. ചൊവ്വാഴ്ച മുതലാണ് സച്ചിനെ കാണാതായത്. ശനിയാഴ്ചയാണ് സച്ചിന്റെ മാതാവ് പോലീസില്‍ പരാതിപ്പെട്ടത്. മകനെ കാണാതായതില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്ന് സംശയവും ഭാര്യ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
സാര്‍ധാന പോലീസാണ് അന്വേഷണം നടത്തിയത്. പിതാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് ക്രൂരകൃത്യം ഇയാള്‍ കുറ്റബോധമില്ലാതെ സമ്മതിച്ചത്. ഭാര്യയുടെ സഹോദരിയുമായി വിവാഹേതര ബന്ധം സ്ഥാപിച്ച് ഇവര്‍ക്കൊപ്പം താമസം ആരംഭിച്ച സന്‍ജീവ് കുമാറില്‍ നിന്ന് 15 വര്‍ഷം മുന്‍പാണ് ഭാര്യ മാറി താമസിച്ചത്.
അമ്മയ്ക്കൊപ്പമായിരുന്നു മകന്. ഡെലിവറി ബോയി ആയി ജോലി ചെയ്തിരുന്ന സച്ചിനായിരുന്നു കുടുംബത്തിന് ഏക ആശ്രയം. ചൊവ്വാഴ്ച അമിത് സച്ചിന് മദ്യം വാങ്ങിനല്‍കി കുടിപ്പിച്ചു. ഇതിന്റെ ലഹരിയിലായതിന് പിന്നാലെ സച്ചിന്റെ തലയ്ക്ക് കുപ്പി കൊണ്ട് അടിച്ച് ബോധരഹിതനാക്കി. തുടര്‍ന്ന് സച്ചിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ രണ്ടുപേരും പോലീസ് കസ്റ്റഡിയിലാണ്.
Comments