ന്യൂഡൽഹി: ജാതി സർവെ വിഷയത്തിൽ ബിഹാറിന് തിരിച്ചടി. കേന്ദ്രത്തിനല്ലാതെ മറ്റൊരു ഭരണഘടന സ്ഥാപത്തിനും ജാതി സർവെ നടത്താൻ അധികാരമില്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. സെൻസസ് ആക്ട് 1948, പ്രകാരം കേന്ദ്രത്തിന് മാത്രമേ ഇതിന് അധികാരമുള്ളൂവെന്ന് സുപ്രീം കോടതി ഇന്ന് വാക്കാൽ പറഞ്ഞു. ഇതോടെ സംസ്ഥാന സർക്കാരിന്റെ കരുനീക്കങ്ങൾക്കാണ് പൂട്ടുവീണത്.
ജാതി അടിസ്ഥാനമാക്കി സർവെ നടത്തിയ നിതീഷ് കുമാർ സർക്കാരിനെ എതിർത്ത് സമർപ്പിച്ച ഹർജികൾ പട്ന ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് ആറിന് സർവെ നടത്തിയെന്നും 12ന് വിവരങ്ങൾ അപ്ലോഡ് ചെയ്‌തെന്നും ബിഹാർ സർക്കാർ കഴിഞ്ഞ ഹിയറിംഗിൽ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ സർവെ നടത്തിയതിൽ ചില ഭരണഘടന പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ കോടതി, ഏഴ് ദിവസത്തിനകം വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്താൻ കേന്ദ്രത്തിനോട് ആവശ്യപ്പെടുകയായിരുന്നു.
ജാതി രാഷ്‌ട്രീയം മുന്നിൽ കണ്ടാണ് ബിഹാർ സർക്കാർ സർവെ നടത്തിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ജാതി അടിസ്ഥാനപ്പെടുത്തി വോട്ട് നേടാനുള്ള നീക്കമാണ് ഇതെന്ന് പലരും നിരീക്ഷിച്ചിരുന്നു. എന്നാൽ, സർവെ സാധാരണക്കാരുടെ ഉന്നമനത്തിനാണ് എന്നായിരുന്നു സർക്കാർ വാദം. ബിഹാറിന്റെ നടപടി മറ്റ് സംസ്ഥാനങ്ങൾക്കും അനുകരണീയമാണെന്ന് സർവെ പൂർത്തിയായതിന് പിന്നാലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞിരുന്നു.
Comments