തൃശൂർ; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മാനേജറെയും ഇടനിലക്കാരനെയും, ബിനാമിയെന്ന് കരുതുന്ന വ്യവസായിയെയും വീണ്ടും ചോദ്യം ചെയ്ത് ഇഡി. മുൻ മാനേജർ ബിജു കരിം, ഇടനിലക്കാരൻ പി.പി കിരൺ, വ്യവസായി അനിൽ സേഠ് എന്നിവരെയാണ് ഇന്നും ചോദ്യം ചെയ്യുന്നത്. മുൻ മന്ത്രി എ.സി മൊയ്തീന്റെ ബിനാമിയെന്ന് കരുതുന്നയാളാണ് അനിൽ സേഠ്.
അനിൽ സേഠ്, ബിജു കരിം, പി.പി കിരൺ എന്നിവരെ ഇന്നലെയും ഇഡി ചോദ്യം ചെയ്തിരുന്നു. ബിജു കരീമിനെ രണ്ടാം തവണയാണ് വിളിച്ചുവരുത്തിയത്. അനിൽ സേഠിനെയും, പി.പി കിരണിനെയും നിരവധി തവണ ചോദ്യം ചെയ്തിട്ടുണ്ട്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുഖ്യകണ്ണികളായവരാണ് ഇവരെല്ലാം.
ബിനാമി നിക്ഷേപങ്ങൾ നടത്തിയതായി സംശയിക്കുന്ന മുൻ മന്ത്രി എ.സി മൊയ്തീന്റെ ചോദ്യം ചെയ്യലിന് മുമ്പായി ബാങ്ക് തട്ടിപ്പിന്റെ എല്ലാ വിവരങ്ങളും ശേഖരിക്കുകയാണ് ഇഡി. വായ്പ തട്ടിപ്പിലൂടെ കോടികൾ സ്വന്തമാക്കിയ കരുവന്നൂർ ബാങ്ക് മുൻ മാനേജർ ബിജു കരീം ബിസിനസിലും ഭൂമിയിലും നിക്ഷേപങ്ങൾ നടത്തിയിരുന്നു. 26 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയ ബിജു കരിം 379 വായ്പകൾ മാനദണ്ഡങ്ങൾ പാലിക്കാതെ അനുവദിച്ചിട്ടുണ്ട്.
ബാങ്കിലെ കമ്മീഷൻ ഏജന്റും, ഇടനിലക്കാരനുമായിരുന്ന പി.പി കിരൺ 45 അനധികൃത ലോണുകൾ തരപ്പെടുത്തി കോടികൾ കൈക്കലാക്കിയെന്നാണ് കണ്ടെത്തൽ. സ്വർണ്ണ വ്യാപാരിയായ അനിൽ സേഠ് കരുവന്നൂർ ബാങ്കിൽ 50-ലേറെ ചിട്ടികൾ ചേർന്ന് കോടികൾ കൈവശമാക്കിയിരുന്നു. വിളിച്ച ചിട്ടികൾ പിന്നീട് അടയ്‌ക്കാറില്ല. എ.സി മൊയ്തീന്റെ ബിനാമികളായി കരുതുന്ന മറ്റ് ചിലരെ കൂടി വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.
Comments