അമരാവതി: രാജ്യത്തിന്റെ ആദ്യ സൗര ദൗത്യം, ആദിത്യ എൽ-1 ഇന്ന് വിക്ഷേപിക്കും. രാവിലെ 11.50-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. ഇസ്രോയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ സി 57 റോക്കറ്റാണ് ആദിത്യ എൽ-1 നെ വഹിച്ച് ഭ്രമണപഥത്തിൽ എത്തിക്കുക.
സൂര്യനെക്കുറിച്ച് പഠിക്കുന്നതിനായുള്ള ഏഴ് പേലോഡുകളാണ് ആദിത്യ എൽ-1 ലുള്ളത്. ഇവയിൽ നാലെണ്ണം സൂര്യനിൽ നിന്നുമുള്ള പ്രകാശത്തെ നിരീക്ഷിക്കുമ്പോൾ മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തികവലയം എന്നിവയെക്കുറിച്ചുള്ള പഠനങ്ങളും നടത്തും. പേടകത്തിലെ പ്രധാന പേലോഡായ വിസിബിൾ എമിഷൻ ലൈൻ കോറോണഗ്രാഫ് (വിഇഎൽസി) പ്രതിദിനം 1440 ചിത്രങ്ങൾ പകർത്തി ഗ്രൗണ്ട് സ്റ്റേഷനിലേക്ക് അയക്കും.
ആദിത്യ എൽ-1ലെ വലുതും പ്രധാനപ്പെട്ട പേലോഡാണ് വിഇഎൽസി. ഐഎസ്ആർഒയുമായി സഹകരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ സെന്റർ ഫോർ റിസർച്ച് ആൻഡ് എജ്യൂക്കേഷൻ ഇൻ സയൻസ് ടെക്നോളജി ക്യാമ്പസിലാണ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഓരോ മിനിറ്റിലും ഓരോ ചിത്രം വീതം ആദിത്യ എൽ-1 ഭൂമിയിലേക്ക് അയക്കും. ഇത്തരത്തിൽ 24 മണിക്കൂറിൽ 1,440 ചിത്രങ്ങളാകും പേടകം ഭൂമിയിലേക്ക് അയക്കുക.
ജനുവരിയോടെ പേടകം ലക്ഷ്യസ്ഥാനത്തെത്തും. ഫെബ്രുവരി അവസാനത്തോടെ ആദ്യ ചിത്രങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് മുന്നോടിയായി ലക്ഷ്യസ്ഥാനത്തെത്തുന്ന ഓരോ ഉപകരണങ്ങളും തയാറെടുക്കുന്നതിനും സമയമെടുക്കും. ചെറിയ ഉപകരണങ്ങളാണ് ആദ്യം പരിശോധിക്കുക. ഫെബ്രുവരിയിലാകും വിഇഎൽസിയുടെ പ്രവർത്തനം ആരംഭിക്കുക.
Comments