കോഴിക്കോട്: കസ്റ്റഡിയിൽ എടുത്ത ബസ് ഡ്രൈവറുടെ മുഖത്ത് എസ്ഐ അടിച്ചതായി പരാതി. കണ്ണൂർ- കോഴിക്കോട് റൂട്ടിൽ ഓടുന്ന ടാലന്റ് എന്ന ബസാണ് ഗതാഗത കുരുക്ക് ഉണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി കസ്റ്റഡിയിൽ എടുത്തത്. ടാലന്റ് ബസിന്റെ ഡ്രൈവർ ഷിബിത്തിനെയാണ് കൊയിലാണ്ടി എസ്ഐ അനീഷ് തെക്കേടത്ത് മർദ്ദിച്ചതായി പരാതി. കഴിഞ്ഞ 22-നായിരുന്നു കേസിനാസ്പദമായ സംഭവം. ബസ് കൊയിലാണ്ടിയിൽ വെച്ചായിരുന്നു ഗതാഗത കുരുക്കിൽപ്പെട്ടത്.
ബസിന്റെ ബ്രേക്ക് ജാമാവുകയും റോഡിൽ കുടുങ്ങുകയുമായിരുന്നു. ഇതിനിടെ പിന്നാലെ വന്ന മറ്റൊരു ബസ് ടാലന്റിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന കാറുമായി ഉരസി. തുടർന്ന് സംഭവം വഷളാകുകയായിരുന്നു. പിന്നാലെ, പോലീസ് എത്തി ജീവനക്കാരോട് ബസ് അടുത്ത ദിവസം തന്നെ സ്റ്റേഷനിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സ്റ്റേഷനിലെത്തിയപ്പോൾ എസ്ഐ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുകയും ഡ്രൈവറുടെ മുഖത്തടിക്കുകയും ചെയ്തുവെന്നാണ് പരാതി.
സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എസ്ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്പിക്കും മനുഷ്യാവകാശ കമ്മീഷനും പോലീസ് ക്ലബിനുമടക്കം പരാതി നൽകിയെന്ന് ബസ് ജീവനക്കാർ പറയുന്നു. എന്നാൽ, സംഭവ സമയത്ത് തന്നെ ബസ് സ്റ്റേഷനിൽ എത്തിക്കാനാണ് പറഞ്ഞതെന്നും രണ്ട് ദിവസത്തിന് ശേഷമാണ് ജീവനക്കാർ ബസ് സ്റ്റേഷനിൽ ഹാജരാക്കിയതെന്നും എസ്ഐയും വ്യക്തമാക്കി.
അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നേരത്തേയും അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഇയാൾക്കെതിരെ പരാതികളുണ്ട്. എന്നാൽ, ബസ് ഗതാഗത കുരുക്കിൽപ്പെട്ടതിന് കാരണം ബ്രേക്ക് ജാമായതാണെന്ന് ജീവനക്കാർ പറയുന്നു. അങ്ങനെ ആണെങ്കിൽ എങ്ങനെയാണ് ബസ് കണ്ണൂർ വരെ പോയി ട്രിപ്പ് എടുത്തതെന്ന് പോലീസും ചോദിച്ചു. ജീവനക്കാർ സ്റ്റേഷനിൽ വന്ന് പ്രകോപന ശ്രമമാണ് നടത്തിയതെന്നും എസ്ഐയും പ്രതികരിച്ചു. പോക്കറ്റിൽ ക്യാമറ ഓൺ ചെയ്ത് വച്ച് രഹസ്യമായാണ് ബസ് ജീവനക്കാർ വീഡിയോ ചിത്രീകരിച്ചത്.
Comments