ഹൈദരാബാദ്: ഐഎസ്ആർഒയുടെ സൗര ദൗത്യമായ ആദിത്യ-എൽ1 ഇന്ത്യയുടെ കഴിവിന്റെ വ്യാപ്തി തെളിയിക്കുമെന്ന് ഒസ്മാനിയ സർവകലാശാലയിലെ ജ്യോതിശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.രുക്മിണി ജാഗിർദാർ. സോളാർ ഡാറ്റയുടെ അടുത്ത ഘട്ടം ലോകത്തിന് നൽകുമെന്നും ആദിത്യ-എൽ 1 വിക്ഷേപണത്തോടെ ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യ ഒരു നാഴിക കല്ലായി മാറിയെന്നും രുക്മിണി ജാഗിർദാർ പറഞ്ഞു.
ഇന്ത്യയുടെ ആദ്യ സൗര ദൗത്യമാണ് ആദിത്യ എൽ 1. യുഎസ്, യൂറോപ്പ്, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ മാത്രമേ സൂര്യനെ പര്യവേക്ഷണം ചെയ്തിട്ടുള്ളൂ. ആദിത്യ-എൽ1 വിജയമാകുന്നതോടെ സൗര പഠനത്തിൽ ഇന്ത്യ ഒരു പ്രധാന നാഴികക്കല്ലായി മാറും. ഇന്ന് രാവിലെ 11.50-ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് പിഎസ്എൽ വിയുടെ സി57 റോക്കറ്റ് ആദിത്യ എൽ 1 വഹിച്ചുകൊണ്ട് കുതിച്ചുയർന്നത്. സൂര്യന്റെ പുറം ഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയവ പഠിക്കലാണ് ഇന്ത്യയുടെ ആദ്യ സൗര ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
സൂര്യനെക്കുറിച്ച് പഠിക്കുന്നതിനായി ഏഴ് പേലോഡുകളാണ് ആദിത്യ എൽ -1ൽ ഉളളത്. നാല് പേലോഡുകൾ സൂര്യപ്രകാശത്തെ നീരിക്ഷിക്കും. സൂര്യന്റെ പ്ലാസ്മ, കാന്തിക വലയം എന്നിവയെ കുറിച്ചുളള പഠനങ്ങളാണ് മറ്റ് മൂന്നെണ്ണം നടത്തുക. നാല് മാസങ്ങൾക്ക് ശേഷമാകും പേടകം ഭ്രമണപഥത്തിലെത്തുന്നത്. ആദിത്യ-എൽ1 ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെ എൽ-1 പോയിന്റിലാണ് നിൽക്കുക. ഈ പോയിന്റിൽ സുര്യനും പേടകത്തിനുമിടയിൽ മറ്റ് മറയൊന്നും ഉണ്ടാകില്ല.
ആദിത്യ എൽ1-ലെ പ്രധാനപ്പെട്ട പേലോഡായ വിഇഎൽസി പ്രതിദിനം 1400 ചിത്രങ്ങൾ പകർത്തി ഗ്രൗണ്ട് സ്റ്റേഷനിലേയ്‌ക്ക് അയക്കും. ഐഎസ്ആർഓയുമായി സഹകരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ സെന്റർ ഫോർ റിസർച്ച് ആൻഡ് എജ്യൂക്കേഷൻ ഇൻ സയൻസ് ടെക്നോളജി ക്യാമ്പസിലാണ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ജനുവരിയോടെ ലക്ഷ്യസ്ഥാനത്തെത്തുന്ന പേടകത്തിൽ നിന്ന് ഫെബ്രുവരി അവസാനത്തോടെ ആദ്യ ചിത്രങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. ലക്ഷ്യസ്ഥാനത്തെത്തുന്ന ഓരോ ഉപകരണങ്ങളും ഇതിന് മുന്നോടിയായി പരിശോധിക്കും. ഫെബ്രുവരിയിലാകും വിഇഎൽസി പ്രവർത്തനക്ഷമമാകുക.
Comments