കോഴിക്കോട്: ഫാഷൻ ഷോയ്ക്കിടെ അനിഷ്ട സംഭവങ്ങൾ. കോഴിക്കോട് സരോവരത്താണ് ഫാഷൻ ഷോയ്ക്കിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. നിലവാരമില്ലാത്ത കോസ്ട്യൂം നൽകിയെന്നാരോപിച്ച് ഷോയിൽ പങ്കെടുക്കാൻ എത്തിയവർ പ്രതിഷേധിച്ചു. ഇതിനെ തുടർന്ന് പങ്കെടുക്കാനെത്തിയവരും സംഘാടകരും തമ്മിൽ തർക്കവും കയ്യാങ്കളിയുമായി. പ്രശ്നം രൂക്ഷമായതോടെ പോലീസ് സംഭവ സ്ഥലത്തെത്തി.
പണം വാങ്ങി ആളുകളെ പരിപാടിയിൽ പങ്കെടുപ്പിക്കുന്ന ഫാഷൻ ഷോയ്ക്കിടെയായിരുന്നു പങ്കെടുക്കാൻ എത്തിയവർ പ്രതിഷേധിച്ചത്. പങ്കെടുക്കാൻ എത്തിയവരുടെ പരാതി കേൾക്കുകയും ഫാഷൻ ഷോ നിർത്തി വെയ്ക്കുകയും ചെയ്തു. സംഭവത്തിൽ ഷോ ഡയറക്ടർ പ്രശോഭ് കൈലാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
രണ്ട് ദിവസങ്ങളിലായി നടക്കേണ്ടി ഇരുന്ന ഇവന്റിൽ നാളെ സണ്ണി ലിയോണി മുഖ്യാതിഥിയായി പങ്കെടുക്കാനിരിക്കെയാണ് പ്രതിഷേധവും കയ്യാങ്കളിയും. കോസ്ട്യൂമിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്നും കോസ്ട്യൂം എത്താൻ വൈകിയതാണ് പ്രശ്നത്തിന് കാരണമെന്നും സംഘാടകർ പറയുന്നു. ഇന്ന് പങ്കെടുക്കുന്നവർ നാളെ പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് പറഞ്ഞതോടെയാണ് പ്രതിഷേധിച്ചതെന്ന് പങ്കെടുക്കാൻ എത്തിയവരും പറഞ്ഞു.
Comments