ബുലവായോ: സിംബാബ്‌വെയുടെ ക്രിക്കറ്റ് ഇതിഹാസവും ദേശീയ ടീമിന്റെ മുന്‍ നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. കാന്‍സര്‍ ബാധയെതുടര്‍ന്ന് ചികിത്സയിലിരിക്കെ 49-ാം വയസിലാണ് അന്ത്യം. മരണ വിവരം അറിയിച്ചത് ഭാര്യ നാദിന്‍ സ്ട്രീക്ക്. ടെസ്റ്റില്‍ 100 വിക്കറ്റില്‍ അധികം നേടിയ ഒരേയൊരു സിംബാബ്‌വെ ബൗളറും ടെസ്റ്റില്‍ 100 വിക്കറ്റിനൊപ്പം 1000 റണ്‍സും നേടുന്ന ആദ്യ താരവും ഹീത്ത് സ്ട്രീക്ക് തന്നെ. നൂറ് വിക്കറ്റ് നേടിയ നാല് സിംബാബ്‌വെ ബൗളര്‍മാരില്‍ ഒരാളായ സ്ട്രീക്ക് ഏകദിനത്തില്‍ 200 വിക്കറ്റും 2,000 റണ്‍സും നേടിയിട്ടുണ്ട്. 1990കളിലും 2000ന്റെ തുടക്കത്തിലുമായിരുന്നു സ്ട്രീക്കിന്റെ സുവര്‍ണകാലം.
ടെസ്റ്റില്‍ ഏഴ് തവണ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. കൂടുതല്‍ തവണ സിംബാബ്‌വെയ്‌ക്ക് വേണ്ടി ടെസ്റ്റില്‍ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയ ബൗളറെന്ന റെക്കോര്‍ഡും സ്ട്രീക്കിന്റെ പേരിലാണ്. സിംബാബ്‌വെയ്‌ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചു. 4933 റണ്‍സും 455 വിക്കറ്റുകളും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ സിംബാബ്വേയ്‌ക്കായി കൂടുതല്‍ വിക്കറ്റ് നേടിയതിന്റെ റെക്കോര്‍ഡ് സ്ട്രീക്കിന്റെ പേരിലാണ്.
കരളിലെ കാന്‍സര്‍ ബാധയെ തുടര്‍ന്ന് കുഴഞ്ഞു വീണ താരത്തെ കഴിഞ്ഞ മേയില്‍ ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2005ല്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം 2009 സിംബാബ്വെയുടെ ബൗളിംഗ് പരിശീലകനായിരുന്നു. 2010ല്‍ ടീംമേറ്റായിരുന്ന ഗ്രൗന്റ് ഫ്ളൗവറിനൊപ്പം അലന്‍ബൗച്ചര്‍ പരശീലകനായിരുന്ന സിംബാബ്‌വെ ടീമിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫായും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ 2013ല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കരാര്‍ നീട്ടിയില്ല.
2021 ഏപ്രിലില്‍ ഐസിസിയുടെ അന്റി കറപ്ഷന്‍ പോളിസികള്‍ ലംഘിച്ചതിന് താരത്തെ എട്ടു വര്‍ഷത്തേക്ക് ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിലക്കിയിരുന്നു. താരം വിലക്ക് അംഗീകരിച്ചെങ്കിലും തനിക്കെതിരെയുണ്ടായ വാദ്വയ്പ്പ് ആരോപണങ്ങള്‍ നിഷേധിച്ചു.
Comments