ലോക ദീർഘദൂര കുതിരയോട്ടത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി മലയാളി യുവതി. വെല്ലുവിളികളേറെ നിറഞ്ഞ എഫ്ഇഐയുടെ 120 കിലോമീറ്റർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിലാണ് മലപ്പുറം സ്വദേശിനി നിദ അൻജും എന്ന 21-കാരി ചരിത്രം കുറിച്ചത്. യുവ റൈഡർമാർക്കായി നടത്തുന്ന ഇക്വസ്ട്രിയൻ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിലാണ് നിദ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. 7.20 മണിക്കൂർ കൊണ്ടാണ് ചാമ്പ്യൻഷിപ്പ് ഫിനിഷ് ചെയ്തത്.
ഒരേ കുതിരയുമൊത്ത് രണ്ട് വർഷ കാലയളവിനുള്ളിൽ 120 കിലോമീറ്റർ ദൂരം രണ്ട് വട്ടം എങ്കിലും മറി കടന്നാലാണ് ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത നേടാൻ കഴിയുന്നത്. രണ്ട് കുതിരയുമൊത്ത് നാലുവട്ടം ഈ ദൂരം മറികടന്ന് റെക്കോർഡിട്ട് ചരിത്രമുള്ളയാളാണ് നിദ. ചാമ്പ്യൻഷിപ്പിലെ 120 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരപാതയിൽ കുതിരയ്‌ക്ക് പരിക്കുകളോന്നും ഏൽക്കാതെ റൈഡർ മറികടക്കണം. 28.6, 29.2, 33.8, 28.6- എന്നിങ്ങനെ നാലുഘട്ടങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. ഓരോ ഘട്ടത്തിന് ശേഷവും വിദഗ്ധ ഡോക്ടർമാർ കുതിരയുടെ ആരോഗ്യ- കായിക ക്ഷമത പരിശോധിക്കും. ഇതിൽ കുതിരയുടെ ആരോഗ്യത്തിന് ക്ഷതമേറ്റുവെന്ന റിപ്പോർട്ടാണ് ലഭിക്കുന്നതെങ്കിൽ റൈഡർ പുറത്താകും. കുതിരയുടെ കായിക ക്ഷമത നിലനിർത്തി നാലുഘട്ടവും പൂർത്തിയാക്കുക എന്നതാണ് ഈ ചാമ്പ്യൻഷിപ്പിന്റെ വലിയ വെല്ലുവിളി. എന്നാൽ വളരെ അനായാസമാണ് നിദ ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കിയത്. ഫ്രാൻസിലായിരുന്നു മത്സരം നടന്നത്.
‘എപ്‌സിലോൺ സലോ’ എന്ന കുതിരയുമൊത്തായിരുന്നു നിദയുടെ മത്സരം. 25 രാജ്യങ്ങളിൽ നിന്നായി 70 പേരാണ് മത്സരത്തിനുണ്ടായിരുന്നത്. മണിക്കൂറിൽ 16.7 കിലോമീറ്റർ വേഗതയാണ് താരം നിലനിർത്തിയത്. ഹെൽമറ്റിലും ജഴ്‌സിയിലും ഇന്ത്യൻ പതാകയിലെ ത്രിവർണ്ണം ആലേഖനം ചെയ്താണ് നിദ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ദീർഘദൂര കുതിരയോട്ടം ഫിനിഷ് ചെയ്ത ആദ്യ ഇന്ത്യനായതിൽ അഭിമാനിക്കുന്നു.രാജ്യത്തിനായി കൂടുതൽ നേട്ടങ്ങൾക്കായി പരിശ്രമിക്കുമെന്ന് നിദ പറഞ്ഞു.















