സ്വകാര്യ മേഖലയിലെ ജീവക്കാരുടെ റിട്ടയർമെന്റ് പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നുള്ള വിഹിതവും തൊഴിലുടമയുടെ വിഹിതവും ചേർന്നതാണ് ഇപിഎഫ് നിക്ഷേപം. അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം ജീവനക്കാരൻ നീക്കിവെക്കുമ്പോൾ തുല്യതുക തൊഴിലുടമയും നീക്കിവെക്കുന്നു. എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനാണ് ഇപിഎഫ് നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നത്.
ഇപിഎഫിന്റെ യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ അഥവ യുഎഎൻ ആധാർ കാർഡുമായി ബന്ധപ്പിക്കണമെന്ന നിർദ്ദേശം അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇപിഎഫ് വരിക്കാരായ തൊഴിലാളികൾ നിർബന്ധമായും യുഎഎൻ-ആധാർ ബന്ധിപ്പിച്ചിരിക്കണം. 2024 മാർച്ച് 31 വരെയാണ് ഇതിനുള്ള സമയം.
ഇപിഎഫ്ഒ ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്നതിനൊപ്പം അക്കൗണ്ടിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനും ഇത് സഹായിക്കും. പിഎഫ് പിൻവലിക്കൽ, പെൻഷൻ, ഇൻഷുറൻസ് എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭിക്കാൻ ആധാർ ലിങ്കിംഗ് സഹായിക്കും. ഇപിഎഫ്ഒ അംഗങ്ങൾക്ക് ഇ-സേവ പോർട്ടൽ വഴി ഓൺലൈനായി ആധാർ കാർഡ് ആധാർ കാർഡ് വിവരങ്ങൾ ഇപിഎഫ് അക്കൗണ്ടുമായി ഓൺലൈനായി ലിങ്ക് ചെയ്യാവുന്നതാണ്.
യുഎഎൻ ഉം പാസ്വേഡും ഉപയോഗിച്ച് അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം ‘മാനേജ്’ എന്ന ടാബിൽ നിന്ന് ‘കെവൈസി’ ഓപ്ഷൻ തിരഞ്ഞെടുക്കുക. Add KYC എന്ന ഭാഗത്ത് ‘ആധാർ’ തിരഞ്ഞെടുത്ത് പേരും ആധാർ നമ്പറും നൽകുക. തുടർന്ന് സേവ് ഓപ്ഷൻ നൽകിയാൽ ആധാർ വിവരങ്ങൾ യുഎഎൻ-ലേക്ക് ലിങ്ക് ചെയ്യാൻ കഴിയുന്നതാണ്. ഉമാംഗ് ആപ്പ് വഴിയും ലിങ്ക് ചെയ്യാവുന്നതാണ്. ലോഗിൻ ചെയ്ത് ആപ്പിൽ ഇപിഎഫ്ഒ സേവനം കണ്ടെത്തി ഇ-കെവൈസി തിരഞ്ഞെടുക്കുക. ആധാർ സീഡിംഗ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് യുഎഎൻ നൽകുക. Get OTP എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ഒടിപി ലഭിക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകിയാൽ യുഎഎൻ- ആധാർ ലിങ്കിംഗ് പൂർത്തിയാകും.
Comments