പല്ലേക്കലെ: ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയ്‌ക്ക് 10 വിക്കറ്റ് വിജയം. മഴയെ തുടർന്ന് ഡക്ക്വർത്ത് ലൂയിസ് സ്റ്റേൺ നിയമ പ്രകാരം 23 ഓവറിലേയ്‌ക്ക് ഇന്ത്യയുടെ കളി ചുരുക്കുകയായിരുന്നു. ഇത് പ്രകാരം 145 റൺസായിരുന്നു ഇന്ത്യക്ക് നേടേണ്ടിയിരുന്നത്. രോഹിത് ശർമ്മയുടെയും ഗില്ലിന്റെയും അർദ്ധ സെഞ്ച്വറി കരുത്തിൽ 147 റൺസ് നേടി ഇന്ത്യ നേപ്പാളിനെതിരെ വിജയം സ്വന്തമാക്കി. 59 ബോളിൽ നിന്നും രോഹിത് ശർമ്മ 79 റൺസും 62 പന്തിൽ നിന്നും ശുഭ്മാൻ ഗില്ല് 67 റൺസും നേടി ഔട്ടാകാതെ നിന്നു. ഈ വിജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിൽ ഇടം നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ നേപ്പാൾ 48.2 ഓവറിൽ എല്ലാ വിക്കറ്റും നഷ്ടപ്പെടുത്തി 230 റൺസ് എന്ന ഭേദപ്പെട്ട സ്കോർ നേടുകയായിരുന്നു. കുശാൽ ഭർട്ടൽ(38), ആസിഫ് ഷെയ്ഖ് (58), സോംപാൽ കാമി (48) എന്നിവരാണ് നേപ്പാളിന്റെ ടോപ് സ്കോറർമാർ. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും നേടി. ആദ്യ അഞ്ച് ഓവറിനിടെ ഇന്ത്യൻ ഫീൽഡർമാർ മൂന്ന് ക്യാച്ചുകൾ വിട്ടുകളഞ്ഞത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
ശ്രേയസ് അയ്യർ, വിരാട് കോഹ്‍ലി, ഇഷാൻ കിഷൻ എന്നിവരാണ് ക്യാച്ചുകൾ പാഴാക്കിയത്. അനായാസ പന്താണ് സൂപ്പർ ഫീൽഡറായ കോഹ്‍ലി വിട്ടു കളഞ്ഞത്. ഇതിന് പിന്നാലെ ഇന്ത്യയുടെ മോശം ഫീൽഡിംഗിനെ വിമർശിച്ച് ആരാധകർ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇതിനിടയിലും ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഫീൽഡിംഗിൽ മികവ് ഇന്ത്യൻ ആരാധകർക്ക് ആശ്വാസമേകി. രവീന്ദ്ര ജഡേജയുടെ പന്തിൽ നേപ്പാൾ നായകൻ രോഹിത് പൗഡലിനെ സ്ലിപ്പിൽ നിന്നും ക്യാച്ച് നേടി രോഹിത് ശർമ്മ പുറത്താക്കുകയായിരുന്നു.
Comments