2023-ലെ ദേശീയ അദ്ധ്യാപക ദിന ആഘോഷത്തിന്റെ ഭാഗമായി രാഷ്‌ട്രപതി ദ്രൗപതി മുർമു രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 75 മികച്ച അദ്ധ്യാപകർക്ക് ഇന്ന് അവാർഡ് കൈമാറും. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ചാണ് അവാർഡ് ദാനം നടക്കുക. സർട്ടിഫിക്കറ്റും 50,000 രൂപ ക്യാഷ് അവാർഡും വെള്ളി മെഡലും അടങ്ങുന്നതാണ് അവാർഡ്. കഴിഞ്ഞദിവസം പുരസ്‌കാരത്തിന് അർഹരായ അദ്ധ്യാപകരുമായി പ്രധാനമന്ത്രി സംവദിച്ചിരുന്നു.
തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകരെ കണ്ടതിന് ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ”ദേശീയ അദ്ധ്യാപക അവാർഡുകൾ നൽകി ആദരിച്ച നമ്മുടെ രാജ്യത്തിന് മാതൃകയായ അദ്ധ്യാപകരുമായി കൂടിക്കാഴ്ച നടത്തി. യുവമനസ്സുകളെ രൂപപ്പെടുത്തുന്നതിനുള്ള അവരുടെ സമർപ്പണവും വിദ്യാഭ്യാസത്തിന്റെ മികവിനുവേണ്ടിയുള്ള അവരുടെ ദൃഢമായ പ്രതിബദ്ധതയും പ്രചോദനകരമാണ്. ക്ലാസ് മുറികളിൽ, അവർ ഇന്ത്യയിലെ യുവാക്കൾക്ക് ശോഭനമായ ഭാവി പടുത്തുയർത്തുകയാണ്”- മോദി ട്വിറ്റ് ചെയ്തു.
അർപ്പണബോധത്തിലൂടെയും പ്രയത്‌നത്തിലൂടെയും വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും വിദ്യാർത്ഥികളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്ത മികച്ച അദ്ധ്യാപകരെ ആദരിക്കുക എന്നതാണ് ദേശീയ അദ്ധ്യാപക പുരസ്‌കാരത്തിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. 50 സ്‌കൂൾ അദ്ധ്യാപകർ, ഉന്നത വിദ്യാഭ്യാസ വിഭാഗത്തിലെ 13 അദ്ധ്യാപകർ, വികസന-സംരംഭകത്വ മന്ത്രാലയത്തിലെ 12 അദ്ധ്യാപകർ എന്നിവരാണ് ഈ വർഷത്തെ ദേശീയ അദ്ധ്യാപക പുരസ്‌കാരത്തിന് അർഹരായത്.
തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത രാജ്യത്തെ മികച്ച അദ്ധ്യാപകർക്ക് ദേശീയ അവാർഡുകൾ നൽകുന്നതിനായി എല്ലാ വർഷവും അദ്ധ്യാപക ദിനത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ അഞ്ചാണ് ദേശീയ അദ്ധ്യാപക ദിനമായി രാജ്യം ആഘോഷിക്കുന്നത്. എല്ലാ വർഷവും ഈ ദിനത്തിലാണ് അദ്ധ്യാപക പുരസ്‌കാരം നൽകുക.
Comments